kallummakkaya

തൃക്കരിപ്പൂർ: രുചികരവും പോഷകസമൃദ്ധവുമായ കല്ലുമ്മക്കായ വൻതോതിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് കർഷകർ കവ്വായിക്കായലിൽ വിത്തിറക്കിത്തുടങ്ങി. ഇടയിലക്കാട്, തെക്കെക്കാട്, ആയിറ്റി, പടന്നകടപ്പുറം , വലിയ പറമ്പ കടപ്പുറം തുടങ്ങിയ ഭാഗങ്ങളിലാണ് കൃഷിക്കായി തട്ടൊരുക്കി വിത്തിറക്കിയത്. കാലാവസ്ഥ അനുകൂലമായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അധികം പരിചരണമില്ലാതെ മോശമല്ലാത്ത വരുമാനം നേടാമെന്ന പ്രതീക്ഷയാണ് കായലിലിറങ്ങുന്ന കർഷകർക്ക് പ്രചോദനം.

സഹകരണ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ കൂട്ടായ്മയ്ക്ക് പുറമെ സ്വകാര്യവ്യക്തികളും കായൽ കൃഷിയിൽ സജീവമായുണ്ട്. അധികം ചൂടില്ലാത്ത നവമ്പർ മുതൽ ജനുവരി വരെയാണ് വിത്തിറക്കൽ നടക്കുന്നത്.

കാലാവസ്ഥ വില്ലനായില്ലെങ്കിൽ ലാഭകരം

ഒരു മീറ്റർ നീളത്തിലുള്ള കമ്പക്കയറിൽ വിത്തുകൾ തിരുകുന്നതാണ് ആദ്യഘട്ടം.ഇത് ചിതറിപ്പോകാതിരിക്കാൻ നേർത്ത തുണി കൊണ്ട് പൊതിഞ്ഞ് പുഴയിൽ സ്ഥാപിച്ച മുളന്തണ്ടുകൾ കൊണ്ടുള്ള സ്റ്റേജുകളിൽ ഒരടി അകലം പാലിച്ച് വെള്ളത്തിൽ തൂക്കിയിടും. ക്രമേണ വിത്തുകൾ കമ്പക്കയറിൽ ഇറുകിപ്പിടിക്കുകയും വളരുന്നതിനനുസരിച്ച് പൊതിഞ്ഞ തുണി നശിക്കുകയും ചെയ്യും. അഞ്ചു മുതൽ ആറു മാസത്തിനിടയിൽ കായ പൂർണ്ണവളർച്ച പ്രാപിക്കുമ്പോൾ വിളവെടുപ്പും നടക്കും.അപ്രതീക്ഷിതമായി വെള്ളത്തിന്റെ താപനില ഉയർന്നാലും മഴ പെയ്താലും കൃഷിക്ക് ദോഷകരമാണ്.

സൊസൈറ്റി കനിഞ്ഞു;

വിത്തിന് തീവില വേണ്ട

കഴിഞ്ഞ വർഷം 60 കിലോ തൂക്കമുള്ള ഒരു ചാക്ക് വിത്തിന് 8000 രൂപ മുതൽ 9000 രൂപ വരെ ഇടനിലക്കാർക്ക് നൽകിയാണ് കർഷകർ വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ അക്വാ കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വലിയപറമ്പിലെയും ഇടയിലെക്കാട്ടിലെയും മത്സ്യതൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളാണ് വിത്ത് വിതരണം ചെയ്യുന്നത്. ഒരു ചാക്ക് വിത്തിന് 4200 മുതൽ 4700 രൂപ വരെയാണ് പരമാവധി വില. ഇത് കർഷകർക്കും സ്വയം സഹായ സംഘങ്ങൾക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും ആശ്വാസം പകർന്നിട്ടുണ്ട്. കാഞ്ഞങ്ങാട് പള്ളിക്കര, കോട്ടിക്കുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കല്ലുമ്മക്കായ വിത്ത് എത്തിക്കുന്നത്.