
അതിയാമ്പൂർ( കാസർകോട് ):ജീവിതത്തിന്റെ അവസാനകാലത്ത് കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ ചെറിയതോതിൽ വൈഷമ്യം നേരിട്ടിരുന്നു ഇന്നലെ വിട്ടുപിരിഞ്ഞ കാസർകോട്ടെ മുതിർന്ന സി.പി.എം നേതാവ് എ.കെ.നാരായണന്. അതിരാവിലെ എഴുന്നേറ്റ ഉടൻ ഡി.സി ഓഫീസിലേക്ക് പോകാൻ അദ്ദേഹം ഒരുങ്ങുമായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന ഒരു നേതാവ് ഫേസ് ബുക്കിൽ എഴുതിയത്. ഓർമ്മകളുടെ അവസാനം വരെ എ.കെ.യുടെ പാർട്ടിയായിരുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ ഫേസ് ബുക്ക് കുറിപ്പ്.
രക്തപതാക പുതപ്പിച്ച എ.കെയുടെ ഭൗതിക ശരീരം അതിയാമ്പൂരിലെ വാതകശ്മശാനത്തിലെ തീനാമ്പുകൾ വിഴുങ്ങിത്തുടങ്ങുമ്പോൾ തൊണ്ട പൊട്ടുമാറുച്ചത്തിലായിരുന്നു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ത്യാഗസമ്പന്നമായ ജീവിതം നയിച്ച് കാസർകോട് ജില്ലയിൽ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ഏറെക്കാലം നിന്ന എ.കെ.നാരായണൻ നിരവധി അവസരങ്ങളുണ്ടായിട്ടും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഒരിക്കലും എത്തപ്പെട്ടില്ല. 2001 ൽ ഉദുമ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സംസ്ഥാന നേതൃത്വം ഏറെക്കുറെ തീരുമാനിച്ചിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാകുകയായിരുന്നു.പാർട്ടിയ്ക്ക് പുറത്ത് കൺസ്യുമർഫെഡ് ചെയർമാൻ എന്നത് മാത്രമായിരുന്നു വ്യക്തിയെന്ന നിലയിൽ രാഷ്ട്രീയത്തിന് പുറത്ത് എ.കെ.സ്വീകരിച്ച ഏകപദവി.
സമ്പൂർണമായി തൊഴിലാളികൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. വെള്ളയും വെള്ളയും ധരിച്ച് ലാളിത്യവും നിഷ്കളങ്കതയും പുഞ്ചിരിയുമായി നടക്കുമ്പോഴും പാർട്ടിക്കുള്ളിൽ കാർക്കശ്യം വിടാത്ത നേതാവായിരുന്നു അദ്ദേഹം. ഒരു ഘടത്തിൽ സംസ്ഥാനരാഷ്ട്രീയത്തിലെ വിഭാഗീയത കാസർകോട് ജില്ലയിലെ പാർട്ടിയേയും പിടികൂടുമെന്നുറപ്പിച്ച ഘട്ടത്തിൽ ഔദ്യോഗിക പക്ഷത്തോടൊപ്പമായിരുന്നു അദ്ദേഹം. 1989 മുതൽ മൂന്നു തവണ പാർട്ടി ജില്ലാ സെക്രട്ടറിയായി എ.കെ.തിരഞ്ഞെടുക്കപ്പെട്ടു.
നീലേശ്വരം പാലായിയിൽ ജനിച്ച എ.കെ നാരായണൻ 1960 മുതൽ 70 വരെ ജന്മനാട്ടിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. കമ്മാടം ചുള്ളിയിലെ പോപ്പുലർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരം ഏറെ ശ്രദ്ധ നേടി. അറസ്റ്റിലായ തൊഴിലാളികളെ വിട്ടയക്കാൻ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് ലോക്കപ്പിൽ മൃഗീയ മർദ്ദനത്തിനിരയായി. കാഞ്ഞങ്ങാട് അതിയാമ്പൂരിലേക്ക് മാറിയ ശേഷം മരമില്ല് സമരം, ഹോട്ടൽ തൊഴിലാളി സമരം, ബസ് തൊഴിലാളി സമരം, ബീഡി തൊഴിലാളി സമരം എന്നിവയുടെ നേതൃത്വം ഏറ്റെടുത്തു. മംഗലാപുരത്തെ സ്വകാര്യ ബീഡി തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരം കൂട്ടത്തിൽ എടുത്തുപറയേണ്ടതായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മിസ തടവടക്കം രണ്ടരവർഷത്തോളം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.