hsa

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരോട് അനുഭാവം രേഖപ്പെടുത്തി പി.ജി.ഡോക്ടർമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. സമരം ഒത്തുതീർപ്പാക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരളാ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ അനുഭാവസൂചകമായി പണിമുടക്കുന്നതെന്ന് പ്രസിഡന്റ് ഡോ.കെ.ആർ.ഉമാദേവി അറിയിച്ചു. പണിമുടക്കുന്നതായി കാണിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകി. ഞായറാഴ്ച്ച രാത്രി എം.വിജിൻ എം.എൽ.എ ഹൗസ് സർജൻമാരുമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം ഇന്ന് ഹൗസ് സർജൻസ് അസാസിയേഷൻ പ്രതിനിധികൾ ധനകാര്യവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുമായി ചർച്ച നടത്തും. തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ആലോചനയെന്ന് അസോസിയേഷൻ പ്രസിഡന്റ് സൗരവ് എം.സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും പറഞ്ഞു. പി.ജി.ഡോക്ടർമാരും പണിമുടക്കുന്നതോടെ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും.