കണ്ണൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി സ്വദേശിയെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടി. നാർക്കോട്ടിക്ക് സെൽ എ.സി.പി ജയൻ ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും മട്ടന്നൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പുതിയവളപ്പിൽ ജാബിർ (35) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 104.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ നിന്ന് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഇയാളെ കണ്ണൂർ സിറ്റി ജില്ലാ പൊലീസ് കമ്മീഷണർ അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പും എം.ഡി.എം.എ കൈവശം വച്ചതിന് ഇയാൾക്കെതിരെ ഇരിട്ടി പൊലീസ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും അന്വേഷിച്ചു വരികയാണ്.