കേളകം: അടക്കാത്തോട് ശാന്തിഗിരിയിൽ വളർത്തുനായയെ പുലി പിടിച്ചു. ശാന്തിഗിരിയിലെ മേമന ജോണിന്റെ വീടിന്റെ തിണ്ണയിൽ നിന്നുമാണ് നായയെ പുലി പിടിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.
രാത്രിയിൽ അസ്വാഭാവികമായി പട്ടിയുടെ കരച്ചിൽ കേട്ട വീട്ടുടമസ്ഥൻ ജോൺ ഉടൻ പുറത്തിറങ്ങി നോക്കിയപ്പോൾ തിണ്ണയിൽ കിടന്നിരുന്ന നായയെ കാണാതായ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വന്യജീവിയുടെ കാല്പാടുകൾ മുറ്റത്ത് കണ്ടെത്തിയത്. കാല്പാടുകൾ
കടുവയുടേതാണെന്ന് ജോൺ പറയുന്നുണ്ടെങ്കിലും കടുവയെ നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തുകയുണ്ടായി. കാല്പാടുകൾ കടുവയുടേതല്ല പുലിയുടേതാകാമെന്നാണ് വനപാലകരുടെ നിഗമനം.
വളർത്തുനായയെ വന്യജീവി പിടിച്ചു കൊണ്ടു പോയ സാഹചര്യത്തിൽ പ്രദേശത്ത് രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുമെന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് പറഞ്ഞു.

വീടിന്റെ തിണ്ണയിൽ കയറി നായയെ വന്യജീവി പിടിച്ചതോടെ ശാന്തിഗിരിയിലെ ജനങ്ങളും
ഭീതിയിലായിരിക്കുകയാണ്.