cp

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് സൗജന്യമായി തുടർ പഠനത്തിന് സൗകര്യമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. ശാസ്ത്രീയമായ സംവിധാനങ്ങളോടെയും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയുമാണ് യൂണിവേഴ്സിറ്റിയുടെ തുടർവിദ്യാഭ്യാസ പദ്ധതിയായ 'സമന്വയ' ജയിലിൽ നടപ്പിലാക്കുന്നത്.

അറിവിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പൂരകങ്ങളായി അന്തേവാസികളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കാണ് സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് അഡ്മിഷൻ നൽകിയിരിക്കുന്നത്. ജയിലിലെ 12 പേരാണ് തുടർപഠനത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്. ബിരുദത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ബി.ബി.എ കോഴ്‌സുകളിലേക്കും ബിരുദാനന്തര ബിരുദത്തിലേക്ക് എം.കോമിനുമാണ് ഇവർ അഡ്മിഷൻ എടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ എല്ലാ ചിലവുകളും സർവകലാശാല തന്നെയാണ് വഹിക്കും. ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണവും ജയിലിൽ നടന്നു. മറ്റു വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന എല്ലാ അക്കാഡമിക് സൗകര്യങ്ങളും അന്തേവാസികൾക്കും ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.

പഠനത്തിന് പദ്ധതികൾ വേറെയും

സാക്ഷരതാ മിഷന്റേയും മറ്റ് സർക്കാർ-യൂണിവേഴ്സിറ്റി സംവിധാനങ്ങളുടേയും ഭാഗമായി പല വിദ്യാഭ്യാസ പദ്ധതികളും ജയിലിൽ നടപ്പിലാക്കുന്നുണ്ട്. സാക്ഷരത മിഷന്റെ വിവിധ ക്ലാസുകൾ,​ 4, 7, 10, ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ക്ലാസുകൾ,​ ഇഗ്നോ, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെ വിവിധ കോഴ്‌സുകളിലും ജയിലിലെ തടവുകാർ പഠനം നടത്തുന്നുണ്ട്. ഒരു അന്തേവാസി ഓൺലൈനിലൂടെ എൽ.എൽ.ബി റെഗുലർ കോഴ്‌സായി ജയിലിൽ നിന്ന് പഠിക്കുന്നുണ്ട്.

അന്തേവാസികളുടെ പുനരധിവാസം സാദ്ധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ സർവകലാശാല ലക്ഷ്യമിടുന്നത്. കേവലം പഠനങ്ങൾക്ക് അപ്പുറം മാനവികമൂല്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ഡോ. പി എം മുബാറക് പാഷ- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ