
തലശ്ശേരി: പൊക്ലി മേനപ്രം സ്വദേശിനി 26 കാരിയായ ഷഫ്ന വീട്ടുകിണറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഷഫ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചുപറയുന്ന ബന്ധുക്കൾ ഭർതൃവീട്ടുകാർക്കെതിരെയാണ് ആരോപണമുയർത്തിയിരിക്കുന്നത്. കാരപ്പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിന്റെ ഭാര്യയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എ.സി.പിക്ക് പരാതി നൽകി. ഇതേ തുടർന്ന് മൃതദേഹം പരിയാരത്ത് വെച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.അഞ്ച് വർഷം മുമ്പാണ് റയീസും ഷഫ്നയും തമ്മിലുള്ള വിവാഹം നടന്നത്. ഭർതൃവീട്ടിൽ പല പ്രശ്നങ്ങളും ഷഫ്ന നേരിട്ടതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വീട്ടിൽ സമാധാനമില്ലെന്നും തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ഷഫ്ന ആവശ്യപ്പെട്ടിരുന്നു. ഭർതൃവീട്ടിൽ വച്ച് ഷഫ്നയുടെ സ്വർണം കാണാതായപ്പോൾ പൊലീസ് ഇടപെടലിലൂടെയാണ് തിരിച്ച് കിട്ടിയത്. പിന്നീട് ഈ പ്രശ്നം ഒത്തുതീർപ്പാക്കിയതാണെന്നും ഷഫ്നയുടെ മാതൃസഹോദരൻ മഹമൂദ് പറഞ്ഞു.
കൃത്യമായി നിസ്‌കാരം തുടരുന്ന പെൺകുട്ടിയാണ് ഷഫ്നയെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് ഷഫ്നയുടെ പിതൃസഹോദരൻ പറഞ്ഞത്. കഴുത്തിലും കൈത്തണ്ടയിലും നെറ്റിയിലുമുള്ള മുറിവേറ്റ പാടുകൾ ദുരൂഹതയുളവാക്കുന്നതാണെന്നും എ.സി പിക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഗൾഫിലായിരുന്ന ഭർത്താവ് റയീസ് കുറച്ച് നാൾ മുമ്പാണ് നാട്ടിലെത്തിയത്.