കേളകം: ശാന്തിഗിരിയിൽ വീടിന്റെ തിണ്ണയിൽ നിന്നും വളർത്തുനായയെ പുലി പിടികൂടിയതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. ശാന്തിഗിരിയിലെ കർഷകൻ മേമന ജോണിന്റെ വീട്ടു തിണ്ണയിൽ
നിന്നുമാണ് ഞായറാഴ്ച രാത്രി 11ന് ശേഷം വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയത്.
സംഭവത്തെത്തുടർന്ന് ശാന്തിഗിരി, രാമച്ചി വനമേഖലകളിൽ മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, ബീറ്റ് ഫോറസ്റ്റർ പി.വി. സജിത്ത്, ഫോറസ്റ്റ് വാച്ചർ ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം രാത്രിയും പകലുമായി പട്രോളിംഗ് നടത്തി.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വീട് സന്ദർശിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു പൊരുമത്തറ, ലീലാമ്മ ജോണി, ഷാന്റി സജി എന്നിവരാണ് വീട് സന്ദർശിച്ചത്.
ഒരിടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും വന്യജീവികളുടെ ഭീഷണി ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്. വനം വകുപ്പിന്റെയും ജനങ്ങളുടെയും ഭാഗത്തു നിന്നും നല്ല ജാഗ്രത ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.