
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുമായി നടത്തിയ ചർച്ച വിജയം കണ്ടില്ല
പരിയാരം: 2018 ബാച്ചിലെ ഫീസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ കേസിൽ തീരുമാനം വരുന്നതുവരെ സ്റ്റൈപ്പന്റ് വിഷയത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി വ്യക്തമാക്കിയതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഹൗസ് സർജ്ജൻ അസോസിയേഷൻ ഒൻപതുദിവസമായി നടത്തുന്ന സമരം അനിശ്ചിതത്വത്തിൽ. ഹൗസ് സർജ്ജന്മാർക്ക് പിന്തുണയുമായി ഇന്ന് പി.ജി ഡോക്ടർമാർ കൂടി പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം സംബന്ധിച്ച് ഇന്നുതന്നെ തീരുമാനമെടുത്തേക്കും.
വെറുതെ സമരം ചെയ്യാമെന്നല്ലാതെ ഒരു കാരണവശാലും ഇന്നത്തെ നിലക്ക് സ്റ്റൈപ്പന്റ് അനുവദിക്കാനാവില്ലെന്് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി വ്യക്തമാക്കിയതായി ഹൗസ് സർജൻ അസോസിയേഷൻ പ്രതിനിധികളായ സൗരവ് എം.സുധീഷ്, ഷാനിദ്, അസ്ലം എന്നിവർ അറിയിച്ചു. എം.വിജിൻ എം.എൽ.എയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
പിന്തുണയുമായി കെ.എസ്.യു
പരിയാരത്ത് സമരം നടത്തുന്ന ഹൗസ് സർജൻമാർക്ക് പിന്തുണയുമായി കെ.എസ്.യു ജില്ലാ നേതൃത്വം സമരപ്പന്തൽ സന്ദർശിച്ചു. അഞ്ച് മാസമായി സ്‌റ്റൈപ്പന്റ് നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ കുറ്റപ്പെടുത്തി. സ്‌റ്റൈപ്പന്റ് നൽകാത്തതിന് വ്യക്തമായ വിശദീകരണം നൽകാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. രാഗേഷ് ബാലൻ, ആലേഖ് കാടാച്ചിറ, ഗോകുൽ രാജ്, സുഹൈൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.