കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ ബാധിക്കുന്നു. വൈറൽ പനി ബാധിച്ച് ദിനംപ്രതി ആയിരത്തിനടുത്ത് രോഗികളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ആയുർവേദം, ഹോമിയോ അടക്കം മറ്റിടങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഇരട്ടിയിലധികം രോഗികളുണ്ടാവും. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മാസം അഞ്ച് മുതൽ 11 വരെ പനി ബാധിച്ച് കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 5057 ആണ്.

ഇതേ കാലയളവിൽ കാസർകോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 3897 ആണ്. ഓരോ ദിവസവും 800നടുത്ത് പേർ ചികിത്സ തേടുന്നുണ്ട്. ഇതിൽ കൂടുതൽ പേർക്കും വൈറൽ പനിയാണ്.
പനി മാറിയാലും ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കടുത്ത ക്ഷീണവും വിട്ടുമാറാത്ത ചുമയും പലരെയും അലട്ടുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ മുഖാന്തരമാണ് അസുഖം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത്. പനി ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അസുഖം പൂർണ്ണമായും മാറിയെന്ന് ഉറപ്പാക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശം പല രക്ഷിതാക്കളും പാലിക്കാത്തതും തിരിച്ചടിയാണെന്ന് പറയുന്നു. പനിക്കൊപ്പം ആസ്മ ലക്ഷണങ്ങളും മിക്കവരിലുമുണ്ട്. പനി മാറിയാലും ശ്വാസം മുട്ടലും വലിവും നീണ്ടുനിൽക്കുന്നു.

മാരകമല്ല കണക്കുകൾ
പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നില്ലെന്നതാണ് ആശ്വാസം. ഈ മാസം ആദ്യത്തെ ഒരാഴ്ചയിൽ 50 രോഗികളാണ് കിടത്തി ചികിത്സയ്ക്ക് ഡോക്ടർ നിർദേശിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ സർക്കാർ ആശുപത്രികളിൽ അടക്കം ഉച്ചയ്ക്ക് ശേഷം ഒ.പി ഉള്ളത് രോഗികൾക്ക് ആശ്വാസമാകുന്നുണ്ട്.


ഡെങ്കിയെ പേടിക്കണം

ഈ മാസം 11 വരെ കണ്ണൂർ ജില്ലയിൽ 14 പേർക്കും കാസർകോട് ജില്ലയിൽ 16 പേർക്കും ഡെങ്കിപ്പനി സ്ഥരീകരിച്ചിട്ടുണ്ട്. ഇടവിട്ട് മഴ തുടരുന്നത് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വംശവർദ്ധനവിന് സഹായകമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നുണ്ട്. നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവർ

തീയതി കണ്ണൂർ കാസർകോട്

ഡിസംബർ 5: 703 601

ഡിസംബർ 6: 797 612

ഡിസംബർ 7: 818 564

ഡിസംബർ 8: 870 554

ഡിസംബർ 9: 684 614

ഡിസംബർ 10: 268 291

ഡിസംബർ 11: 917 661