കണ്ണൂർ: പയ്യാമ്പലത്തുവച്ച് കഴിഞ്ഞ ദിവസം കർണാടക സ്വദേശിനിയായ പ്രായമായ സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികൾ കസ്റ്റഡിയിൽ. വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ബിനുമോഹനും സംഘവുമാണ് കസ്റ്റഡിയിൽ എടുത്തത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചാണ് ഇവർ കഴിഞ്ഞ ദിവസം പയ്യാമ്പലത്തെത്തി മാല മോഷ്ടിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സിസി ടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കും സഞ്ചരിച്ച വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്. വളപട്ടണം സ്വദേശി കെ.എൻ. നിബ്രാസ് (27), തോട്ടട സ്വദേശി മുഹമ്മദ് താഹ (21) എന്നിവരാണ് പിടിയിലായത്. നിബ്രാസിന് മൂന്ന് കവർച്ചാ കേസ് ഉൾപ്പെടെ ആറ് കേസുകളും. താഹക്ക് ഏഴ് കളവ് കേസ് ഉൾപ്പെടെ ഒൻപത് കേസുകളും നിലവിലുണ്ട്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർമാരായ ഷമീൽ, സവ്യസച്ചി, അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ ഷൈജു, രാജേഷ്, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നി പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.