padi

പയ്യാവൂർ: മലബാറിലെ വിശ്വാസസമൂഹത്തിന്റെ പ്രധാന ആരാധനാമൂർത്തികളിലൊന്നായ മുത്തപ്പന്റെ ആരൂഢസ്ഥാനമായി കൊണ്ടാടപ്പെടുന്ന കുന്നത്തൂർ പാടിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന തിറ ഉത്സവം ഡിസംബർ 18ന് തുടങ്ങും.കുന്നത്തൂർ പാടി വനത്തിനുള്ളിൽ വസിച്ചിരുന്ന ആദിവാസി ഗോത്ര വിഭാഗമായ അടിയാന്മാരുടെ പരമ്പരാഗത ഉത്സവമാണ് കുന്നത്തൂർ പാടിയിൽ വർഷം തോറും നടത്തി വരുന്ന മുത്തപ്പൻ തിറ. കണ്ണൂർ,കാസർകോട്, കോഴിക്കോട്,വയനാട്, കുടക് മേഖലകളിൽ നിന്നായി വൻ ഭക്തജനപ്രവാഹമാണ് പാടിയിലേക്ക് ഉത്സവകാലത്ത് എത്തുന്നത്.

18 ന് സന്ധ്യയോടെ താഴെ പൊടിക്കളത്തിൽ നിന്ന് അടിയാന്മാർ കനലാടികളായ ചന്തനെയും കോമരത്തെയും കോലധാരികളെയും വാദ്യക്കാരെയും ചൂട്ടും ഭണ്ഡാരവും സഹിതം പാടിയിലേക്ക് ആനയിക്കുന്ന പാടിയിൽ കയറൽ ചടങ്ങാണ് ആദ്യം. ഇതിനു മുന്നോടിയായി അടിയാന്മാർ പാടിയിൽ പണിതുടങ്ങി. താൽക്കാലിക മടപ്പുരയും അടിയന്തിരക്കാരുടെ പന്തലുകളുമാണ് ഒരുക്കുന്ന പ്രവൃത്തിയാണിത്. കോലധാരികളായ വളള്യായിലെ അഞ്ഞൂറ്റാൻമാർ അടിയാൻമാരുടെ പ്രത്യേക ക്ഷണമനുസരിച്ച് തലയടിയാന്റെ കുടിലിൽ തലേ ദിവസം എത്തും. പണ്ട് കാലങ്ങളിൽ അടിയാന്മാർ മാത്രം ഉത്സവം നടത്തിയിരുന്ന സമയത്ത് കോമരത്തിന്റെ വീട്ടിൽ മുത്തപ്പന് പൈങ്കുറ്റി വച്ചാണ് ചന്തനെയും കോമരത്തെയും അടിയാന്മാർ കളിയ്ക്കപ്പാട്ടോടെ ആഘോഷപൂർവ്വം ആനയിച്ചിരുന്നത്.

ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവം അടിയാന്മാരുടെ പരമ്പരാഗത ആചാരത്തോടെ തന്നെയാണ് ഇന്നും നടത്തുന്നത്. അടിയാത്തിമാർ മടപ്പുരയിൽ പ്രവേശിച്ച് മുത്തപ്പന് 'മുതിർച്ച' തയ്യാറാക്കുന്ന ചടങ്ങ് പാടിയിൽ മാത്രമാണുള്ളത്. ആദ്യ ദിവസവും മറ്റു ചില ദിവസങ്ങളിലും അടിയാന്മാരുടെ വനദേവതയായ മൂലം പെറ്റ ഭഗവതി അമ്മയെയും കെട്ടിയാടുന്ന പതിവാണ് നിലവിലുള്ളത്. വൃശ്ചികം 2 ന് (ജനുവരി 16) അടിയാന്മാരുടെ നിഗൂഢമായ ചടങ്ങോടെയാണ് ഉത്സവ സമാപനം.