പയ്യന്നൂർ: കാപ്പാട്ട് കഴകത്തിൽ 28 വർഷത്തിന് ശേഷം ഫെബ്രുവരി 25ന് ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള നിലം പണിക്ക് നാളെ തുടക്കം കുറിക്കും. രാവിലെ അന്തിത്തിരിയൻ പള്ളിയറകൾ തുറന്ന് ശുദ്ധി വരുത്തി വിളക്ക് വച്ച് ദേവീദേവന്മാർക്ക് പൂവും ചന്ദനവും ചാർത്തി നിവേദ്യം വെച്ച് വിളമ്പ് മടക്കി ശുദ്ധി വരുത്തും. തുടർന്ന് പ്രതിപുരുഷന്മാർ അരങ്ങിലിറങ്ങി കാപ്പാട്ട് ഭഗവതിയുടെ നർത്തകൻ ക്ഷേത്രം കോയ്മമാരോടും, അച്ഛന്മാരോടും, മറ്റ് കഴകങ്ങളിൽ നിന്നും എത്തിച്ചേർന്ന ആചാരസ്ഥാനീകരോടും, വാല്യക്കാരോടും, മുഴുവൻ ജനപഥങ്ങളോടും അനുവാദം വാങ്ങിയതിന് ശേഷം കഴകം തിരുമുറ്റത്തെ കന്നിമൂലയിൽ കിളച്ച് തുമ്പോട്ടി കൊണ്ട് നിലം തല്ലിയുറപ്പിച്ച് ചാണകം മെഴുകി ക്ഷേത്രം തട്ടിനകത്തും പുറത്തുമുള്ള നിലം പണിക്ക് തുടക്കം കുറിക്കും.

തുടർന്ന് കന്നികലവറയ്ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള പാലമരത്തിന് അന്തിത്തിരിയനും ആചാര സ്ഥാനീകരും മഞ്ഞൾ കുറിയിടും. ക്ഷേത്ര നർത്തകന്മാർ അരങ്ങൊഴിഞ്ഞതിന് ശേഷം കഴകം ഭണ്ഡാരപുരയിലെ കൊട്ടിലിനു മുന്നിൽ കൂവം അളക്കൽ ചടങ്ങ് നടക്കും. ഈ നെല്ല് ഉണക്കി തരക്കിയെടുത്താണ് ഏഴു രാവും ഏഴു പകലുമായി നടക്കുന്ന പെരുങ്കളിയാട്ടത്തിന് നിവേദ്യമായി ഉപയോഗിക്കുന്നത്. അന്നദാനവും ഉണ്ടാകും.