shafna

തലശ്ശേരി: പുല്ലൂക്കരയിലെ ഷഫ്ന ഷെറിന്റെ ദുരൂഹരണത്തിൽ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കല്യാണം കഴിഞ്ഞതു മുതൽ ഭർത്താവും ബന്ധുക്കളും തന്റെ മകളെ മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്ന് മാതാവ് ചൊക്ലി മേനപ്രം പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷാഹിദ ആരോപിച്ചു. മതാചാര ചടങ്ങുകളോടെ ജീവിതം നയിക്കുന്ന തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ടെന്നും ഇവർ ആരോപിക്കുന്നു.

ഷാഹിദയുടെയും സലിമിന്റെയും നാലു മക്കളിൽ മൂന്നാമത്തെ മകളായ ഷഫ്ന ഷറിനെ (23 ) ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ചൊക്ലി പുല്ലൂക്കരയിലുള്ള ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിസരവാസികളാണ് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. മൃതദേഹത്തോടൊപ്പം ആ സമയത്ത് വീട്ടിലുണ്ടായ ഭർത്താവോ മറ്റ് ബന്ധുക്കളോ പോയില്ല. സംഭവത്തിന് തലേ ദിവസം ഭർത്താവ് റയീസ്, ഷഫ്നയെയും ഒപ്പം റയീസിന്റെ സഹോദരിയുടെ മകളെയും കൂട്ടി മുഴപ്പിലങ്ങാട് ബീച്ചിൽപോയിരുന്നു. ബീച്ചിലെ ആകാശത്തൊട്ടിലിൽ കയറാൻ ഷഫ്നയെ റയിസ് നിർബ്ബന്ധിച്ചിരുന്നുവെങ്കിലും വഴങാതിരുന്നതിനാൽ വഴക്കുണ്ടായി. പരിസരത്തുള്ളവർ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചതത്രെ. ബാക്കി വീട്ടിൽ എത്തിയിട്ട് തരാമെന്ന് റയീസ് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് ഷാഹിദ പറഞ്ഞു. പിറ്റേ ദിവസം രാവിലെയാണ് മകളെ കിണറ്റിൽ മരിച്ച നിലയിൽ കാണുന്നത്.

ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച കിണറിൽ വെള്ളം വലിക്കുന്ന ബക്കറ്റ് ഇറക്കാൻ മാത്രമേ വിടവുള്ളൂ. ഇതിലൂടെ ഒരു മുതിർന്ന ആൾക്ക് കിണറ്റിൽ ചാടാനാവില്ല. മാത്രമല്ല, മകളുടെ രണ്ടുകൈത്തണ്ടയിലും കഴുത്തിലും മുറിവുണ്ടായിരുന്നു. കളിമുറിയിൽ നിന്ന് രക്തപ്പാടുള്ള കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നല്ലത് പോലെ പഠിക്കുന്ന മകൾക്ക് ബിരുദവും ബി.ബി.എ സർട്ടിഫിക്കറ്റുമുണ്ട്. ഒരു ജോലിക്ക് പോവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് വിലക്കിയതിനാൽ പിൻതിരിയുകയായിരുന്നുവെന്ന് ഷാഹിദ പറഞ്ഞു. വിവാഹത്തിന് ശേഷം മകളെ നിരന്തരം മാനസികമായി പ്രയാസപ്പെടുത്തി.

ഭർതൃ വീട്ടിലെ താമസത്തിനിടയിൽ ഒരിക്കൽ ഷഫ്നയുടെ സ്വർണ്ണാഭരണം കാണാതായിരുന്നു. അന്ന് ഷഫ്നയെയും മാതാവിനെയുമാണ് റയീസിന്റെ ജ്യേഷ്ഠ ഭാര്യ കുറ്റപ്പെടുത്തിയത്.. പൊലീസിൽ പരാതി നൽകിയപ്പോൾ ആഭരണം അടിച്ചു മാറ്റിയത് ഭർത്താവിന്റെ ബന്ധു തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും ഷാഹിദ വെളിപ്പെടുത്തി.