sajeev

പരിയാരം: പത്ത് ദിവസമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ നടത്തിവന്നിരുന്ന സമരം ഇന്ന് അവസാനിപ്പിച്ചേക്കും.സമരക്കാരുടെ ആവശ്യങ്ങൾ പ്രിൻസിപ്പാൾ ഡോ.ടി.കെ.പ്രേമലത വിശദമായി രേഖാമൂലം മെഡിക്കൽ എജ്യുക്കേഷൻ ഡയരക്ടർക്ക് സമർപ്പിച്ചു. ഡി.എം.ഇയുടെ നിർദ്ദേശപ്രകാരമാണ് പ്രിൻസിപ്പാൾ ഹൗസ് സർജൻമാരുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ സമർപ്പിച്ചത്.

ഉന്നയിച്ച ആവശ്യങ്ങളിൻമേൽ ഡി.എം.ഇ ഇന്ന് സർക്കാർ നിലപാട് ഹൗസ് സർജ്ജന്മാരെ ഔദ്യോഗികമായി അറിയിക്കും. ഇതിന് ശേഷം യോഗം ചേർന്ന് സമരം അവസാനിപ്പിക്കാനുള്ള ആലോചനയിലാണിവർ. നിലവിലുള്ള സാഹചര്യത്തിൽ സ്വാശ്രയഫീസ് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസിൽ തീരുമാനമുണ്ടാകുന്നതുവരെ സ്‌റ്റൈപ്പന്റ് നൽകാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ഹൗസ് സർജ്ജന്മാരെ അറിയിച്ചിരുന്നു. ഇതു തന്നെയായിരിക്കും ഡി.എം.ഇയും ഔദ്യോഗികമായി ഹൗസ് സർജന്മാർക്ക് നൽകുന്ന മറുപടി.

എത്രദിവസം സമരം നടത്തിയാലും ഈ നിലപാടിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമായോടെയാണ് സമരം തീർക്കാനുള്ള ആലോചന തുടങ്ങിയിരിക്കുന്നത്. ഇതിനിടെ പണിമുടക്കുന്ന ഹൗസ് സർജൻമാരോട് അനുഭാവം രേഖപ്പെടുത്തി ഇന്നലെ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സൂചനാ പണിമുടക്ക് നടത്തി. ഹൗസ് സർജൻമാർക്ക് പിന്നാലെ പി.ജിഡോക്ടർമാരുടെ സമരം കൂടി ആയതോടെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ എത്തിയ രോഗികൾ ദുരിതത്തിലായി.

ഫീസടക്കണമെന്ന നിലപാട് അംഗീകരിക്കില്ല:സജീവ് ജോസഫ്

കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ 2018 ബാച്ച് ഹാസ് സർജൻമാർ സ്വാശ്രയ ഫീസ് അടക്കണമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ. സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഹൗസ് സർജൻമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണ്.സർക്കാർ ഏറ്റെടുത്താൽ സ്ഥാപനത്തിന്റെ എല്ലാ ഉത്തരവാദിത്തവും സർക്കാരിനാണ്. കുട്ടികളെ രണ്ടു തരത്തിൽ കാണുന്ന രീതി പ്രതിഷേധാത്മകമാണ്. ഇത് അംഗീകരിക്കാനാകില്ല. മന്ത്രിമാരുടെ ഓഫിസുമായും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായും ബന്ധപ്പെട്ടെങ്കിലും ആദ്യം സമരം അവസാനിപ്പിക്കാനാണ് പറയുന്നത്. സർക്കാർ ഇടപെട്ട് സമരം തീർക്കാനുള്ള നടപടിയുണ്ടാകണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ, മാടായി തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ വി.രാജൻ, പി.കെ.സരസ്വതി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, അക്ഷയ് പറവൂർ, എൻ.ഇ.നിതിൻ, എബിൻ സാബുസ്, രാജേഷ് മല്ലപ്പളളി , അഭിമന്യൂ പറവൂർ, സി.കെ.സായൂജ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.


ടംകഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന ഹൗസ് സർജൻമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സജീവ് ജോസഫ് എം.എൽ.എ പ്രസംഗിക്കുന്നു.