
തലശേരി: മാഹിയിലെ മദ്യ ഗോഡൗണിൽ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വരികയായിരുന്ന 733 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വിദേശ മദ്യം കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ടീമും കണ്ണൂർ എക്‌സൈസ് ഇന്റലിജൻസും ചേർന്ന് ന്യൂ മാഹിയിൽ വച്ച് പിടികൂടി.
എക്‌സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന ന്യൂ മാഹിയിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്.വാഹനമോടിച്ച വടകര അഴിയൂരിലെ ആനക്കുളങ്ങര വീട്ടിൽ എ.കെ.ചന്ദ്രനെ സംഘം അറസ്റ്റുചെയ്തു.
83കെയ്സുകളിലാക്കിയ നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതു വർഷ ആഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ക്രിസ്മസ് പുതുവർഷ ആഘോഷ വേളയിൽ കേരളത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി സംഭരിച്ചു വെക്കാൻ മാഹിയിലെ മറ്റൊരു ഗോഡൗണിലേക്ക് കടത്തുയായിരുന്നു മദ്യം.പിടികൂടിയ മദ്യവും വാഹനവും, പ്രതിയെയും കോടതിയിൽ ഹാജരാക്കും.
സർക്കിൾ ഇൻസ്‌പെക്ടർ എ.കെ.വിജേഷിനെ കൂടാതെ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി.ഷാജി, സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ പി.പ്രമോദൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി , എൻ.സി വിഷ്ണു,എ എം ബിനീഷ് ,ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.