star

കണ്ണൂർ: ക്രിസ്തുസിന് വെറും ഒരാഴ്ച്ച ബാക്കി നിൽക്കെ നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും എൽ.ഇ.ഡി ബൾബുകളുമായി വിപണി മിന്നിത്തെളിയുകയാണ്. എട്ടടി വരെയുള്ള എൽ.ഇ.ഡി ട്രീകളാണ് ഇത്തവണത്തെ വിപണിയിലെ താരം. ഇതിന് പുറമെ ഡെക്കറേഷൻ സാധനങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ പുതുമയോടെയാണ് എത്തിയിട്ടിള്ളത്. ഡിസൈനോടുകൂടിയുള്ള ക്രിസ്തുമസ് തൊപ്പികൾ, നക്ഷത്ര കണ്ണടകൾ എന്നിവയും വിപണിയിലുണ്ട്.പേപ്പർ നക്ഷത്രങ്ങൾക്കും തൊപ്പി, ക്രസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി എന്നിവയും വിൽപനയ്‌ക്കുണ്ട്.വിപണി സജീവമായിവരികയാണെന്ന് വ്യാപാരികൾ പറഞ്ഞു.

മൂവായിരം നൽകിയാൽ നാലടിയുടെ എൽ .ഇ .ഡി ക്രിസ്തുമസ് ട്രീ ലഭിക്കും. എട്ടടിയാണെങ്കിൽ ആറായിരം.രണ്ടിനും ആവശ്യക്കാരേറെ. നൂറു മുതൽ 800 വരെയാണ് സാധാരണ ക്രിസ്തുമസ് ട്രീയുടെ വില. പല വർണങ്ങളിലുള്ള എൽ ഇ ഡി നക്ഷത്രങ്ങൾ, ഒന്നിൽ തന്നെ പല വർണങ്ങളുള്ള അറുന്നൂറു രൂപയുടെ വലിയ നക്ഷത്രം എന്നിവയും വിപണിയിലുണ്ട്. മുപ്പതു മുതൽ 70 വരെയാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. അറുപതു മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, നാനൂറ് രൂപയിൽ തുടങ്ങുന്ന പാപ്പ ഡ്രസ് തുടങ്ങിയവയും വിപണിയിൽ വിറ്റുപോകുന്നുണ്ട്.

റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറിവരുന്നത്. മുന്നൂറു മുതൽ 2000 വരെയാണ് വില. ന്യൂജെൻ ഇഷ്ടത്തിനനുസരിച്ചുള്ള പുൽക്കൂട് മോഡലുകൾ വിപണിയിൽ എത്തികഴിഞ്ഞു. പല കടകളിലും വ്യത്യസ്തരീതിയിലുള്ള പുൽക്കൂടിനായുള്ള ഓർഡറുകൾ വന്നു കഴിഞ്ഞെന്ന് വ്യാപാരികൾ പറഞ്ഞു.

സജീവം കേക്ക് വിപണി

ക്രിസ്തുസ്, പുതുവത്സര ആഘോഷങ്ങളിൽ ഏറ്റവും പ്രധാനിയായ കേക്ക് വിപണിയും സജീവമായി.മിൽക്കി ക്രഞ്ചി, കുൽഫി കേക്ക് തുടങ്ങിയവയ്ക്കാണ് ഡിമാൻഡ്. കേക്കിനു 900 മുതൽ ആണ് വില. ബിസ്‌ക്കറ്റിനു 320 മുതലും. സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കേക്കുകൾ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ഡിമാൻഡ്. കിലോയ്ക്ക് 340 രൂപ വരെ വിലവരും. ക്രീം കേക്കിനും ആവശ്യക്കാരുണ്ട്. കാരറ്റ്, പൈനാപ്പിൾ, എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിംഗ് കേക്കുകളും വിപണിയിലുണ്ട്. സ്‌കൂൾ കോളേജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്ന് ആഘോഷങ്ങൾക്കായി ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.