jalam

തലശ്ശേരി: ജലത്തിന്റെ ആവശ്യവും വിതരണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനും വിശകലനം ചെയ്യാനും പഞ്ചായത്തുകളെ സഹായിക്കുന്ന 'ജല ബഡ്ജറ്റു'മായി ധർമ്മടം നിയോജക മണ്ഡലം. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭാ മണ്ഡലം ജല ബഡ്ജറ്റ് തയ്യാറാക്കുന്നത്. മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന മണ്ഡലംതല ശില്പശാലയിലാണ് ജലബഡ്ജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചത്.

എട്ട് ഗ്രാമ പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി സാമ്യം ഉള്ളവയാണെങ്കിലും ലഭിക്കുന്ന മഴയുടെ അളവ്, ഭൂമിയുടെ ചരിവ്, നീർത്തടങ്ങളുടെ വ്യാപ്തി, കാർഷികവല്കരണം, തരിശിടൽ തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം വ്യത്യസ്തമാണ്. ഇതിനാൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേകം പ്രത്യേകം ജലബഡ്ജറ്റ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തുകളിലും എന്തൊക്കെ നടപടി വേണമെന്ന് കൃത്യതയോടെ മനസ്സിലാക്കുവാൻ കഴിയും.

ജല ബഡ്ജറ്റ്

ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധി. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാദ്ധ്യമാക്കുന്നതിന് പ്രയോജനകരമാണ്. ജലത്തിന് ക്ഷാമം വരുന്ന മാസങ്ങളിൽ എടുക്കേണ്ട നടപടികളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കും. കൃഷി രീതികളിൽ വരുത്തേണ്ട മാറ്റങ്ങളും എത്രത്തോളം ജലം സംരക്ഷിച്ച് ഉപയോഗിക്കണമെന്നും മനസ്സിലാക്കാനും സാധിക്കും. മിച്ച ജല ലഭ്യതയും അവയുടെ തുടർ ഉപയോഗ ധാരണയും ഇതുവഴി തയ്യാറാക്കാം.

ധർമ്മടത്തിന്റേത് കർഷകമനസ്

കണ്ണൂർ, തലശ്ശേരി താലൂക്കുകളിലായി കാർഷികവൃത്തിക്ക് മുൻതൂക്കമുള്ള എട്ടു ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ധർമ്മടം നിയോജകമണ്ഡലം. ഇതിൽ ധർമടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ തലശ്ശേരി ബ്ലോക്ക് പരിധിയിലും പെരളശ്ശേരി, ചെമ്പിലോട്, കടമ്പൂർ എന്നിവ എടക്കാട് ബ്ലോക്ക് പരിധിയിലുമാണ്. അടിസ്ഥാന സൗകര്യവികസനത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിൽ കുടിവെള്ളവും ജലവും ഭാവിയിൽ ഒരു വലിയ പ്രശ്‌നമായി മാറാനിടയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലസുരക്ഷ ഉറപ്പാക്കാനുള്ള ഈ നീക്കം.