cctv
സീബ്രാ ലൈനിൽ വൃദ്ധനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം

തളിപ്പറമ്പ്: നഗരത്തിലെ സീബ്രാ ലൈനുകളിൽ കാൽനട യാത്രികരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുന്നത് പതിവായി. ബസ് സ്റ്റാൻഡിന് സമീപത്തെ സീബ്രാലൈനിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 ഓളം അപകടങ്ങൾ നടന്നു. ഇന്നലെ രാവിലെയാണ് സീബ്രാലൈനിലൂടെ നടന്ന് പോവുകയായിരുന്ന കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപത്തെ അശോക (62)നെ ബൈക്കിടിച്ച് തെറിപ്പിച്ചത്. അദ്ദേഹത്തിന് ലൂർദ്ദ് ആശുപത്രിയിൽ ചികിത്സ നൽകി.

കുറ്റിക്കോലിലെ ഷമിൽ ഓടിച്ച ബൈക്കാണ് ഇടിച്ചത്. സീബ്രാലൈനിൽ വേറൊരാളുടെ പുറകെ ആയാണ് അശോകൻ നടന്നിരുന്നത്. അയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെയും ഒരു സ്ത്രീയേയും ദിവസങ്ങൾക്ക് മുൻപ് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചിരുന്നു. അതിനു ശേഷം ബൈക്കിടിച്ച് യുവാവിനും പരിക്കേറ്റിരുന്നു.

ഇവിടെ സീബ്രാ ലൈനിൽ ബസുംകളും ഓട്ടോറിക്ഷയും നിർത്തി ആളെ ഇറക്കുന്നത് പതിവ് കാഴ്ചയാണ്. നിർത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ കൂടി സീബ്രാലൈനിൽ എത്തിയാൽ അതിവേഗതയിൽ എത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുന്ന അവസ്ഥയും ഉണ്ട്.

പരാതി നല്കിയാലും നടപടിയില്ല

സീബ്രാ ലൈനിലൂടെ നടന്നുവരാൻ പാകത്തിൽ ഡിവൈഡറിൽ ഉള്ള വിടവിലൂടെ ഇരുചക്ര വാഹനം കടന്ന് പോകുന്നതും പതിവായതായി പരാതിയുണ്ട്. ഇത്തരത്തിൽ പോകുന്ന ഇരുചക്ര വാഹനത്തിന്റെ ഫോട്ടോ എടുത്ത് അധികൃതർക്ക് നല്കിയിട്ടും നടപടിയുണ്ടായില്ല. അതുപോലെ സീബ്രാ ലൈനിൽ കൂടി ആളുകൾ നടന്ന് പോകുന്നത് കണ്ടാൽ നിർത്തിയിടുന്ന വാഹനത്തിന് പുറകിലെത്തുന്ന ബസുകൾ ഹോണടിച്ചു വാഹനത്തിന് പുറകിൽ ചേർത്ത് തിർത്തി ധൃതിവയ്ക്കുന്നതും ഇവിടെ കാണാം. ഇത്തരത്തിൽ ഒരു ഇരുചക്ര വാഹനം നിർത്തിയപ്പോൾ പുറകിൽ എത്തിയ ബസ് ഇരുചക്ര വാഹനത്തെ ഇടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ അപകടങ്ങൾ നടക്കുന്ന ഇടമായിട്ടും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇവിടെ ഡ്യൂട്ടിക്കിടാൻ തയ്യാറാകാത്തതിൽ നാട്ടുകാരിൽ അമർഷമുണ്ട്.