
കാസർകോട് : പ്രശസ്ത പാരമ്പര്യവൈദ്യകുടുംബത്തിൽ പെട്ട പിതാവ് കെ.വി.കുഞ്ഞമ്പു വൈദ്യർ മകൻ കുഞ്ഞിരാമനെ തന്റെ വഴിയിലൂടെ വളർത്തണമെന്ന ആഗ്രഹക്കാരനായിരുന്നു. സംസ്കൃതം പഠിക്കാൻ ആദ്യം വടകര സിദ്ധാശ്രമത്തിലേക്കും പിന്നാലെ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലേക്കും കുഞ്ഞിരാമനെ അയച്ചത് ഈ ഉദ്ദേശത്തോടെയായിരുന്നു. എന്നാൽ തൃപ്പൂണിത്തുറയിലെ നാലുവർഷത്തെ പഠനത്തിന് ശേഷം നാട്ടിലേക്ക് ഉറച്ച കമ്മ്യൂണിസ്റ്റുകാരനായാണ് നാട്ടുകാർ സ്നേഹത്തോടെ ' സ്വാമി' കുഞ്ഞിരാമൻ എന്ന് വിളിക്കുന്ന കെ.കുഞ്ഞിരാമൻ മടങ്ങിയെത്തിയത്.
വടകര സിദ്ധാശ്രമത്തിൽ താമസിച്ചുകൊണ്ടിരിക്കെ സമാജത്തിന്റെ പ്രചാരകനായി ഷർട്ടിടാതെ വെളുത്ത മേൽമുണ്ട് ചുറ്റിയാണ് അക്കാലത്ത് സഞ്ചരിച്ചിരുന്നത്. കാരിയിലെ തറവാട് വീട്ടിൽ ചെറിയ തോതിൽ വൈദ്യവും നടത്തിയിരുന്നു. എ.കെ.ജിയായിരുന്നു കുഞ്ഞിരാമനെ കേരള സ്റ്റുഡൻസ് ഫെഡറേഷനിൽ എത്തിച്ചത്. 1957 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തായിരുന്നു അത്. വിദ്യാർത്ഥിയായിരുന്ന കുഞ്ഞിരാമനെ കണ്ട എ.കെ.ജി കാറിൽ കയറ്റി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കെ.എസ്.എഫിൽ ചേരണമെന്ന് ഉപദേശിച്ചു. ഉപദേശം സ്വീകരിച്ചതോടെ കുഞ്ഞിരാമൻ രാഷ്ട്രീയക്കാരനായി. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പഠനസമയത്ത് കെ. എസ്. എഫ് യൂണിറ്റ് സെക്രട്ടറിയായി. കെ.എസ്.എഫിന്റെ അവിഭക്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
വൈദ്യം പഠിക്കാൻ അച്ഛൻ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ചേർത്തപ്പോൾ കെ.എസ്.എഫിൽ അവിടെയും സജീവമായി. എറണാകുളം ജില്ലാ കമ്മിറ്റിയംഗമായി. എറണാകുളം മദ്രാസ് കഫേ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി.
രണ്ടുതവണ എം.എൽ.എയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഘട്ടത്തിൽ ഒട്ടേറെ വികസനപ്രവൃത്തികൾക്ക് മുന്നിൽ നിൽക്കാൻ ഇദ്ദേഹത്തിനായി. 1979 മുതൽ 84 വരെയായിരുന്നു ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചത്. കുട്ടമത്ത് - ചെറുവത്തൂർ റോഡ് വികസനം വരുന്നത് അന്നാണ്. മഴക്കാലത്ത് അരക്കൊപ്പം വെള്ളം നിൽക്കുന്ന വയൽപ്രദേശത്തെയാണ് ഇന്നത്തെ നിലയിലേക്ക് മാറ്റിയത്. പാലായി ഷട്ടർ കം ബ്രിഡ്‌ജ്, നീലേശ്വരം കോട്ടപ്പുറം പാലം, ചെറുവത്തൂർ റെയിൽ മേൽപ്പാലം, കൊല്ലാട, അച്ചാംതുരുത്തി പാലങ്ങൾ, മടക്കര തുറമുഖം, പുലിമുട്ട് തുടങ്ങിയ വികസനം ഇദ്ദേഹത്തിന്റെ കാലത്താണ് സഫലീകരിച്ചത്.