ചക്കരക്കൽ: ഏച്ചൂർ കമാൽപീടികയ്ക്കു സമീപം വീടിനുള്ളിൽ തീപിടിത്തം. മഞ്ചക്കണ്ടി മടപ്പുരയ്ക്കു സമീപത്തെ കുഞ്ഞിവളപ്പിൽ അബ്ദുൾ ഖാദറിന്റെ മകൾ റസിയയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. വീടിന്റെ രണ്ടാംനിലയിൽ ലതർ വർക്ക് സാധനങ്ങൾ സൂക്ഷിച്ച മുറിയിലാണു തീപിടിച്ചത്. നാട്ടുകാർ ഓടിയെത്തി തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായതെങ്കിലും ലക്ഷങ്ങളുടെ ലെതർ ഉത്പന്നങ്ങളും വയറിംഗും കത്തിനശിച്ചു. ചുമരിന്റെ തേപ്പും തകർന്നു. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സും ചക്കരക്കല്ലിൽ നിന്നു പൊലീസും എത്തിയിരുന്നു.