പരിയാരം: സ്റ്റൈപ്പന്റ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് രേഖാമൂലം അറിയിച്ചാൽ സമരം പിൻവലിക്കാമെന്ന നിലപാടിൽ ഹൗസ് സർജൻമാർ. ഗവ. മെഡിക്കൽ കോളേജിൽ ഇന്നലെ 11 ദിവസം പൂർത്തിയാക്കിയ സമരം പിൻവലിക്കുന്നത് സംബന്ധിച്ച് ഡി.എം.ഇ ഇന്നലെ വൈകുന്നേരം ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികളുമായി ഓൺലൈനിൽ ചർച്ച നടത്തി. സ്‌റ്റൈപ്പന്റ് അനുവദിക്കാനാവില്ലെന്ന ഡി.എം.ഇ നിർദ്ദേശം അംഗീകരിച്ച ഹൗസ് സർജൻമാർ അത് എന്തുകൊണ്ടാണ് അനുവദിക്കാത്തത് എന്നത് രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അക്കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന നിലപാടാണ് ഡി.എം.ഇ സ്വീകരിച്ചത്. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് അറിയിക്കാമെന്ന് ഡി.എം.ഇ സമരം ചെയ്യുന്ന ഹൗസ് സർജൻമാരോട് സമ്മതിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പുകിട്ടുന്നതുവരെ സമരം തുടരാനാണ് ഹൗസ് സർജൻമാരുടെ തീരുമാനം.