മട്ടന്നൂർ: സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇരിട്ടി -കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. വൃന്ദാവൻ ബസിലെ ക്ലീനർ അടക്കാത്തോട് സ്വദേശി സുബിനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 1.25 ന് ബസ് ഇരിട്ടിയിലേക്ക് പോകുമ്പോഴാണ് സംഭവം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ച് വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി. ചെവിക്കും കഴുത്തിനും പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെ തുടർന്നാണ് ഇരിട്ടി - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. ഇന്നലെ വൈകിട്ടോടെ മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിച്ചു. അപ്രതീക്ഷിതമായി ബസ് സർവീസ് നിർത്തിയതോടെ യാത്രക്കാർ വലഞ്ഞു. മട്ടന്നൂർ സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ ബസ് തൊഴിലാളികളും സംഘടനാ നേതാക്കളും അദ്ധ്യാപകരും പങ്കെടുത്തു. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.