st-angalo

കണ്ണൂർ: വിനോദ സഞ്ചാരമേഖലയെ ഉണർത്താൻ സർക്കാരും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഒരുക്കുന്ന പദ്ധതികൾ ജില്ലയേക്ക് ആഭ്യന്തരസഞ്ചാരികളെ ആകർഷിക്കുന്നു.എന്നാൽ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കൊവിഡ് കാലത്തിന് മുമ്പുവരെയുള്ളതിൽ നിന്ന് താഴേക്ക് പോകുന്ന സ്ഥിതിയാണ്.

കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ആകെ വന്നതിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. 2015ൽ 9022 വിദേശ സഞ്ചാരികൾ ജില്ലയിൽ എത്തിയ സ്ഥാനത്ത് 2022ൽ എത്തിയത് 1290 പേർ മാത്രമാണ്. പ്രളയത്തിനുശേഷം 2019ൽ 6852പേർ എത്തിയിരുന്നു

2013 മുതൽ 2022 വരെ 62,36,989 വിനോദസഞ്ചാരികളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്. അതിൽ 50,684 ആളുകൾ മാത്രമാണ് വിദേശികൾ. ആകെ സഞ്ചാരികളുടെ 0.81 ശതമാനം മാത്രമാണ് ഇത്. കൊവിഡിന് ശേഷം വിദേശത്ത് നിന്നുള്ളവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. 2013 മുതൽ 2019 വരെയുള്ള ഏഴ് വർഷത്തിൽ 46559 വിദേശികൾ എത്തിയ സ്ഥാനത്ത് പിന്നീടുള്ള മൂന്ന് വർഷം കൊണ്ട് കേവലം 4125 ആളുകളേ എത്തിയുള്ളു.

ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്ന് അധികൃതർ പറയുമ്പോഴും കൊവിഡിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ സന്ദ‍ർശനത്തിലുണ്ടായ ഇടിവിന്റെ കാരണം പരിശോധിക്കാനും അതിനെ മറികടക്കാനുമുള്ള നടപടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

വിനോദസഞ്ചാരികളുടെ എണ്ണം

2013 മുതൽ 2022 വരെ 62,36,989

വിദേശികൾ - 50,684

2015ൽ 9022

2022ൽ 1290

പിന്നിൽ നിന്ന് നാലാംസ്ഥാനം

കഴിഞ്ഞ വർഷം വിദേശ സഞ്ചാരികൾ ഏറ്റവും കുറഞ്ഞ ജില്ലകളിൽ നാലാം സ്ഥാനമാണ് കണ്ണൂരിന്. പത്തനംതിട്ട, പാലക്കാട്, കൊല്ലം ജില്ലകളാണ് ആദ്യ മൂന്നു സ്ഥാനത്ത്. 1,86,290 വിദേശ വിനോദസഞ്ചാരികളെത്തിയ എറണാകുളമാണ് കഴിഞ്ഞ വർഷം വിദേശ സഞ്ചാരികളെത്തിയതിൽ സംസ്ഥാനത്ത് ഒന്നാമത്.

ആഭ്യന്തര സഞ്ചാരികൾ കൂടുന്നു

അതെ സമയം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 61,86,505 ആഭ്യന്തര സഞ്ചാരികളാണു ജില്ലയിലെത്തിയത്. കഴിഞ്ഞവർഷം മാത്രം 8,11,461 ആളുകളെത്തി. തെയ്യം ഉൾപ്പെടെ മലബാറിന്റെ മാത്രമായ അനുഷ്ഠാന കലകൾക്ക് ആഗോള പ്രചാരം ലഭിക്കുമ്പോഴും അവ കൂടുതലുള്ള കണ്ണൂർ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ കുറവ് പരിഹരിക്കേണ്ടത് തന്നെയാണ്. കൂടുതൽ ആകർഷകമായ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയാൽ മാത്രമേ ജില്ലയുടെ വൈവിദ്ധ്യങ്ങളെ തേടി സഞ്ചാരികൾ എത്തുകയുള്ളു. അതിനായി ഗതാഗത സൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.

3 വർഷം:0.29 %

ആഭ്യന്തര സഞ്ചാരികൾ 14,​04267

വിദേശികൾ 4125