തളിപ്പറമ്പ്: ജില്ലയിലെ നെൽകൃഷി ചെയ്ത പാടശേഖരങ്ങളിൽ മണ്ണിന്റെ അധികരിച്ച അമ്ലതയും (പുളി രസം), ഇരുമ്പ് അലൂമിനിയം മൂലമുള്ള വിഷാംശവും വേരുകളുടെ വളർച്ചയെ സാരമായി സ്വാധീനിക്കുന്നു എന്ന് കണ്ടെത്തി. മയ്യിൽ പഞ്ചായത്തിലെ നെല്ലിക്കപാലത്തെ ചാൽ വയൽ പാടശേഖരത്ത് കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പറിച്ചുനട്ട ചെടികളിൽ വേരുകൾ വളരാതാവുകയും കറുത്ത നിറം ബാധിച്ച് ചീഞ്ഞളിഞ്ഞു പോകുകയും അത് ചെടികൾക്ക് അവിടെ വളരാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
അതുമൂലം ഇലകളിൽ അടിയില മുതൽ മഞ്ഞളിപ്പ് മുകളിലത്തെ ഇലകളിലേക്ക് വ്യാപിക്കുന്നു. മണ്ണിൽ നിന്നും വേരുകൾ വളരാത്തതിനാൽ ചെടികളിൽ നിന്നു തന്നെ വളർച്ചക്കാവശ്യമായ മൂലകങ്ങൾ ഉപയോഗിക്കുന്നത് ചെടികളുടെ പ്രതിരോധ ശക്തി കുറയുന്നതിനും കീടരോഗബാധ കൂടുന്നതിനും കാരണമാകുന്നു.
പറിച്ചു നട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വളർച്ചയിൽ പുരോഗതി കാണാത്ത രീതിയിൽ ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും ഇപ്പോൾ ഈ അവസ്ഥ പ്രകടമാകുന്നുണ്ട്.
പ്രതിവിധിയുണ്ട്
പരിഹാരമായി ഉടൻ തന്നെ പാടത്ത് നിന്നും വെള്ളം വാർത്ത് കളഞ്ഞ് ഒരു സെന്റിന് ഒരു കിലോഗ്രാം വീതം കുമ്മായം നൽകി 24 മണിക്കൂർ കഴിഞ്ഞ് വീണ്ടും വെള്ളം കയറ്റുകയും ബൂൺ ഹാർവെസ്റ്റ് (19:19:19) 5 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ലയിപ്പിച്ച ലായനിയിൽ ഒരു മില്ലി ലിറ്റർ പശ ഒരു ലിറ്റർ ലായനിക്ക് എന്ന തോതിൽ ചേർത്ത് രാവിലെ തന്നെ ചെടികളിൽ തളിക്കണം. ഒരാഴ്ച കഴിഞ്ഞ് സാധാരണ ചെയ്യുന്ന പ്രകാരം വളം ചെയ്തതിനു പുറമെ ഏക്കറിന് 5 കിലോഗ്രാം പൊട്ടാഷ് മണ്ണിൽ ചേർക്കണം.