cuk

പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി. സുകുമാരൻ

പെരിയ: പെട്രോളിയം ഇന്ധനങ്ങൾക്ക് ബദലായി ഭാവിയിൽ ഏറ്റവും സാദ്ധ്യതയുള്ളത് ഭൂഗർഭ ഹൈഡ്രജനാണെന്ന് (ജിയോളജിക്കൽ ഹൈഡ്രജൻ) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി. സുകുമാരൻ. കേരള കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗവും കാസർകോട് ഗവൺമെന്റ് കോളജ് ജിയോളജി വിഭാഗം പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ ജിയോ അലുംനാസും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ ഇന്ധനമെന്നതാണ് ജിയോളജിക്കൽ ഹൈഡ്രജന്റെ പ്രാധാന്യം. വരും ദശകത്തിൽ ഫോസിൽ ഇന്ധന സ്രോതസ്സുകൾ കുറയുമെന്നതിനാൽ ജിയോളജിക്കൽ ഹൈഡ്രജൻ പോലുള്ള പുതിയ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. സാമ്പത്തിക നേട്ടം, കാർബൺ ബഹിർഗമനം മൂലമുള്ള പരിസ്ഥിതി നാശം കുറയ്ക്കൽ എന്നിവയിൽ ഭൂഗർഭ ഹൈഡ്രജന്റെ ഖനനവും ഉപയോഗവും ഭാവിയിൽ വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.ഗോപിനാഥൻ, പ്രൊഫ.മുത്തുകുമാർ മുത്തുച്ചാമി, ഡോ.എ.വി.സിജിൻ കുമാർ , ഡോ.പി.പ്രതീഷ് , ഡോ. കെ.സന്ദീപ് , അശോക് കുമാർ, ബാലകൃഷ്ണൻ, ഡോ.എ.എൻ.മനോഹരൻ, ഡോ.അഷറഫ്, ഇ.വി.കുഞ്ഞിക്കണ്ണൻ, പ്രൊഫ.രാധാകൃഷ്ണൻ, ഡിജു എന്നിവർ സംസാരിച്ചു.