പരിയാരം: കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ നാല് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇനിയും പ്രവർത്തനക്ഷമമായില്ല. ഗർഭിണി പരിചര്യ, പ്രസവാനന്തര ശുശ്രൂഷ എന്നിവയിൽ ആയുർവേദത്തിലെ തനതായ സമ്പ്രദായങ്ങളും പ്രസവത്തിന് ഗൈനക്കോളജിസ്റ്റിന്റെ സേവനവും സംയോജിപ്പിക്കുന്ന രീതിയിൽ സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സ്ഥാപനമായിരുന്നു വിഭാവനം ചെയ്യപ്പെട്ടത്.
ഇതിനായി കോടിക്കണക്കിന് രൂപ വില വരുന്ന സജ്ജീകരണങ്ങളും ഒരുക്കി. നിരവധി ജീവനക്കാരെയും പുതുതായി നിയമിച്ചു. ഗൈനക്കോളജി, പീഡിയാട്രീഷ്യൻ എന്നീ തസ്തികകളിൽ ചെറിയ ശമ്പളത്തിൽ താല്കാലിക തസ്തികയാക്കിയതിനാൽ ആരും വരാൻ തയ്യാറായില്ല. ഉദ്ഘാടനം കഴിഞ്ഞ് ഏറേക്കാലം കൊവിഡ് കാരണം അടഞ്ഞു കിടന്നെങ്കിലും അടുത്ത കാലത്ത് ഒ.പിയും ഐ.പിയും ആരംഭിക്കുകയുണ്ടായി. എന്നാൽ ഒരു വർഷം മുമ്പ് ആർ.എം.ഒ ആയി ഒരു അലോപ്പതി ഡോക്ടർ താല്കാലിക നിയമനം നേടിയിരുന്നെങ്കിലും കഴിഞ്ഞ മാസം രാജിവച്ചു പോയതോടെ ആശുപത്രിയുടെ പ്രവർത്തനം തന്നെ നിലച്ചിരിക്കുകയാണ്.
പ്രസവമുറി സജീവമാക്കിയാലേ ആശുപത്രിയുടെ പ്രയോജനം സാധാരണക്കാർക്ക് പൂർണതോതിൽ ഉപയോഗപ്പെടുത്താനാകൂ.
മന്ത്രി ഉറപ്പു നല്കിയെങ്കിലും..
പ്രസവമുറി പ്രവർത്തനമാരംഭിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും സർക്കാറിലേക്ക് നിരവധി അപേക്ഷകൾ സമർപ്പിച്ചെങ്കിലും അധികാരികളുടെ നിസംഗത കാരണം ലേബർ തീയേറ്ററിലേക്കു വാങ്ങിയ വില കൂടിയ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ ഉദ്ഘാടനത്തിന് ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയപ്പോൾ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.