1

കാസർകോട്: മദ്യലഹരിയിൽ പരാക്രമം കാണിച്ചു ഉറഞ്ഞു തുള്ളി വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്ത യുവാവ് പൊലീസ് ഇടപെട്ടതോടെ കൈഞരമ്പ് മുറിച്ചു. നാടകീയ രംഗങ്ങൾക്കൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ ഈയാളെ പൊലീസ് കീഴടക്കി.

സീതാംഗോളിയിൽ ഇന്നലെ ഉച്ചയ്ക്ക് വിനോദ് എന്ന 35കാരനാണ് ഭീതി പരത്തി അഴിഞ്ഞാടിയത്. മദ്യലഹരിയിൽ സീതാംഗോളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു പൊളിക്കുകയായിരുന്നു. കുമ്പള ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ കൈയിലുണ്ടായിരുന്ന ബ്ളേഡ് കൊണ്ട് ഈയാൾ സ്വന്തം കൈഞരമ്പ് മുറിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച യുവാവിനെ പൊലീസ് വളഞ്ഞുപിടിച്ച് വാഹനത്തിലിട്ട് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് ശ്രുശ്രൂഷ നൽകി. കഴിഞ്ഞ ദിവസവും ഈയാൾ ഇതെ രീതിയിൽ ടൗണിൽ പരിഭ്രാന്തി പരത്തിയതായി നാട്ടുകാർ പറഞ്ഞു.