
പരിയാരം:കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സമൂഹത്തിന് ഗുണപ്രദമാകുന്ന ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായി വാങ്ങിയ ആംബുലൻസ് ദയ ചാരിറ്റബിൾ സൊസെറ്റിക്ക് കൈമാറി. ആരോഗ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് 15 ആംബുലൻസുകൾ നൽകാൻ യൂണിയൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി വാങ്ങിയ ആംബുലൻസാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറിയത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രി ഇ.പി.ജയരാജൻ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ, ദയ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.പത്മനാഭൻ, ഒ.വി.നാരായണൻ, പി.പി.ദാമോദരൻ, പി.ആർ.ജിജേഷ്, സീബ ബാലൻ എന്നിവർ പ്രസംഗിച്ചു.