
കേളകം:നിർദ്ദിഷ്ട മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ ഭാഗമായുള്ള ബൈപ്പാസ് റോഡുകളുടെ സംയുക്ത പരിശോധനയ്ക്ക് കേളകത്ത് തുടക്കമായി.തലശ്ശേരി ലാൻഡ് അക്വിസിഷൻ എയപോർട്ട് റോഡ് സ്പെഷ്യൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരും സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
കേളകം വില്ലേജ് ഓഫീസിന് സമീപം മെയിൻ റോഡിൽ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്തു നിന്നാണ് സർവേ നടപടികൾ ആരംഭിച്ചത്. റോഡ് ഫണ്ട് ബോർഡ് അധികൃതർ അളന്ന് അതിരുകല്ലിട്ട സ്ഥലങ്ങൾ എയർപോർട്ട് റോഡ് സ്പെഷ്യൽ തഹസിൽദാർ ജീന എം.തോമസിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ
കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധിച്ചു. ഉദ്യോഗസ്ഥസംഘം പ്രദേശങ്ങളിലെ സ്ഥലം ഉടമകളെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ച് സർവേ നമ്പർ പരിശോധിച്ച് ഉറപ്പ് വരുത്തി. രാവിലെ പത്തോടെ ആരംഭിച്ച കേളകം സംയുക്ത പരിശോധന ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മഞ്ഞളാംപുറം സാൻജോസ് പള്ളിക്ക് സമീപം മെയിൻ റോഡിൽ പ്രവേശിച്ചതോടെ പൂർത്തിയായി.
എയർപോർട്ട് റോഡ് സ്പെഷ്യൽ തഹസിൽദാറിന് പുറമെ റവന്യൂ ഇൻസ്പെക്ടർമാരായ രമാദേവി, എൻ.കെ.സന്ധ്യ, എൻ.ജെ. ഷിജോ, സർവേയർ തേജസ് ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും കേരള റോഡ് ഫണ്ട് ബോർഡ് സൈറ്റ് സൂപ്പർവൈസർമാരായ കെ.ഡിജേഷ്, വിഷ്ണു ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കേളകം ബൈപ്പാസ് റോഡിന്റെ സംയുക്ത പരിശോധന പൂർത്തിയാക്കിയത്.കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ കൺവീനർ ജിൽസ് എം മേക്കൽ, കമ്മിറ്റി അംഗങ്ങളായ സ്റ്റാനിസ്ലാവോസ് തട്ടാപറമ്പിൽ, ജോസ് കൊച്ചുവെമ്പള്ളിൽ എന്നിവരോടൊപ്പം വർഗീസ് മൂഴിക്കുളം, ടോമി കയത്തുംകര തുടങ്ങിയവരും സംയുക്ത പരിശോധന നടത്തിയ ഉദ്യോഗസ്ഥസംഘത്തോടൊപ്പമുണ്ടായിരുന്നു.
സംയുക്ത പരിശോധനയുടെ സമയത്ത് നാട്ടുകാരുടെ നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും തുടർന്നുള്ള ബൈപ്പാസ് റോഡുകളിലും ഇതുപോലുള്ള സഹകരണം നാട്ടുകാരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംയുക്ത പരിശോധന പൂർത്തിയായാലുടൻ ഫോർ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും.
പത്ത് കിലോമീറ്ററോളം വരുന്ന മുഴവൻ ബൈപ്പാസ് റോഡുകളുടെയും സംയുക്ത പരിശോധന
ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തികരിക്കാനാകും- സ്പെഷ്യൽ തഹസിൽദാർ
നാൽപത് കിലോമീറ്ററോളം വരുന്ന വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടി എത്രയും വേഗം പൂർത്തിയാക്കണം--ജിൽസ് എം.മേക്കൽ,റസിഡൻസ് അസോസിയേഷൻ കൺവീനർ, കൊട്ടിയൂർ.
മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത
ദൂരം 58 കി.മി
ഭൂമി ഏറ്റെടുക്കാൻ 964കോടി