
കണ്ണൂർ: പയ്യാമ്പലത്ത് കോർപറേഷൻ നിർമ്മിക്കുന്ന പുലിമുട്ടിന്റെ നിർമ്മാണം പുതുവർഷാരംഭത്തിൽ പൂർത്തിയാകും. നിർമ്മാണത്തിന്റെ 90 ശതമാനത്തിലധികം പണി പൂർത്തിയായി. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടർന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റർ നിളത്തിൽ കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മാണം . പയ്യാമ്പലം തീരപ്രദേശത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ കടൽ വെള്ളം കയറുന്നതിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുലിമുട്ട് നിർമ്മിക്കുന്നത്.
അമൃത് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപ ചെലവഴിച്ചാണ് പുലിമുട്ട് നിർമ്മിക്കുന്നത്. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. പദ്ധതിയുടെ പുരോഗതി മേയർ ടി.ഒ മോഹനന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥൻമാരും സന്ദർശിച്ച് വിലയിരുത്തി.
വെള്ളക്കെട്ടിനും ശാശ്വതപരിഹാരം
കോർപറേഷനിലെ പഞ്ഞിക്കയിൽ, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളിൽ നിന്ന് ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്ക് പോകാത്ത സ്ഥിതിയുണ്ട്. വേലിയേറ്റ സമയത്ത് കടലിൽ നിന്നെത്തുന്ന ജലം തിരിച്ച് ഒഴുകാത്തതും പ്രശ്നം സൃഷ്ടിക്കുന്നതിനെ തുടർന്നാണ് ശാശ്വത പരിഹാരമായി പടന്നത്തോടിന്റെ അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. മഴക്കാലത്ത് തീരമേഖലയിൽ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പുലിമുട്ട് പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.
ജനുവരി ആദ്യത്തോടെ പണി പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിയും. തീരദേശ പരിപാലന അതോറിറ്റിയിൽ നിന്ന് ഇതിന്റെ നിർമ്മാണ അനുമതി ലഭിക്കുന്നതിന് നിരവധി തടസങ്ങൾ നേരിട്ടുവെങ്കിലും അവയൊക്കെ പരിഹരിച്ച് പദ്ധതി ലക്ഷ്യത്തിലെത്തുകയാണ്. ഭാവിയിൽ ഇതിന്റെ ടൂറിസം സാധ്യതകൾ കൂടി പരിശോധിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം തേടും.
ടി.ഒ.മോഹനൻ,കോർപറേഷൻ മേയർ