soil

കണ്ണൂർ:ജില്ലാ മൊബൈൽ മണ്ണ് പരിശോധന ലാബിന്റെ വാഹനത്തിന്റെ തകരാർ മൂലം ഒരു വർഷമായി ജില്ലയിൽ മണ്ണുപരിശോധനയ്ക്ക് മുടങ്ങിക്കിടക്കുന്നു. ഫീൽഡിൽ പോയി മണ്ണ് പരിശോധിക്കുന്ന ഈ സംവിധാനത്തിന്റെ അഭാവം ജില്ലയിലെ കർഷകർക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അനുവദിച്ച വാഹനമാണ് കേടായി കിടക്കുന്നത്.പുതിയ വാഹനത്തിന് കൃഷി വകുപ്പിനും ജില്ലാ പഞ്ചായത്തിനും രണ്ടുതവണ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ലെന്ന് ലാബ് അധികൃതർ പറഞ്ഞു. വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ പുതിയ വണ്ടി വാങ്ങുന്ന അതേ ചിലവ് തന്നെ വേണ്ടി വരുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പി.എച്ച്. മീറ്റർ, കണ്ടക്ടിവിറ്റി മീറ്റർ, ഫ്‌ളെയിം ഫോട്ടോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുന്ന മണ്ണ് പരിശോധനാ വാഹനത്തിന് 50 ലക്ഷം രൂപ വിലയുണ്ട്.

ഫീൽഡിൽ പോയി മണ്ണ് പരിശോധിച്ച് അപ്പോൾത്തന്നെ ഫലം നൽകുന്ന മൊബൈൽ മണ്ണ് പരിശോധന യൂണിറ്റ് കർഷകർക്ക് വലിയ തുണയായിരുന്നു. ഒറ്റദിവസം 40 സാമ്പിളുകൾ പരിശോധിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു .

മൊബൈൽ മണ്ണ് പരിശോധനാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാഹനമില്ലാത്തതിനാൽ ഫീൽഡിൽ പരിശോധന നടത്താനാവുന്നില്ല. ശേഖരിക്കുന്ന സാമ്പിളുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ മൊബൈൽ ലാബിൽ കൊണ്ടുവന്ന് പരിശോധിക്കുകയാണ്. എന്നാൽ ഇതിന്റെ ഫലം കിട്ടാൻ കാലതാമസമുണ്ട്.

മണ്ണറിഞ്ഞ് കൃഷി

മണ്ണിന്റെ എ പി.എച്ച് നില, മുഖ്യ മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് മൊബൈൽ യൂണിറ്റ് വഴി സൗജന്യമായി പരിശോധിക്കുന്നത്. വളപ്രയോഗത്തെക്കുറിച്ചുള്ള കൃത്യമായി നിർദേശവും നൽകും. ഏകദേശം ഒരു വർഷത്തോളമായി ഈ സേവനമില്ലാത്തത് കൃഷിയെ ബാധിച്ചിട്ടുണ്ട്.

സോയിൽ ഹെൽത്ത് കാർഡുമില്ല

മണ്ണു പരിശോധന അടിസ്ഥാനമാക്കിയ വിവരങ്ങളും വിളയ്ക്കനുയോജ്യമായ ശുപാർശകളും സോയിൽ ഹെൽത്ത് കാർഡ് വഴി കർഷകർക്ക് ലഭ്യമാക്കുകയും ഈ കാർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കർഷകന് അടുത്ത വിള ലാഭകരമാക്കാൻ സമീകൃത വളപ്രയോഗം അവലംബിക്കാവുന്നതുമായിരുന്നു.നിലവിൽ ഇവയെല്ലാം നിലച്ച സ്ഥിതിയാണ്.പ്രത്യേക രീതിയിൽ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവൻ വഴി ലാബിൽ കൊടുത്ത് കാത്തിരുന്നാണ് ഇതിനു മുൻപ് സാധാരണ ഫലം അറിയുന്നത്.