kovilakam

നീലേശ്വരം: വടക്കേമലബാറിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം പുലർത്തിയ നീലേശ്വരം രാജവംശത്തിന്റെ ആസ്ഥാനമായ വലിയമഠം(തെക്കെ കോവിലകം)​ നാശോന്മുഖമായി. എഴുന്നൂറു വർഷത്തിലധികം പഴക്കമുള്ള ബൃഹത്കെട്ടിടമാണ് വിസ്മൃതിയിലേക്ക് അനുദിനം നീങ്ങുന്നത്.

പ്രൊഫ.കെ പി ജയരാജൻ നീലേശ്വരം നഗരസഭ ചെയർമാൻ ആയ ഘട്ടത്തിൽ രണ്ടുതവണ പുരാവസ്തുവകുപ്പ് വകുപ്പ് ഡയരക്ടർ കെ.രജികുമാർ കോവിലകം സന്ദർശിച്ച് രാജകുടുംബവുമായി ചർച്ച നടത്തി ചരിത്ര സ്മാരകമായി ഏറ്റെടുക്കാൻ താത്പര്യമറിയിച്ചിരുന്നു. അന്ന് ജില്ലാ കളക്ടർ ആയിരുന്ന ജീവൻബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ പിന്നീട് സർക്കാർ നിശ്ചയിച്ച വിലയുടെ പേരിൽ രാജകുടുംബം ധാരണയിലെത്താതെ പോകുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ കോവിലകം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നീക്കം അനിശ്ചിതത്വത്തിലായി.

നിലവിൽ ആവശ്യമായ പരിചരണമില്ലാത്ത അവസ്ഥയിലാണ് വലിയമഠം എന്നറിയപ്പെടുന്ന തെക്കെകോവിലകം. നേരത്തെ ഇവിടെ ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് പ്രവർത്തിച്ചിരുന്നു. ചുറ്റുമതിലില്ലാത്തതിനാൽ രാത്രി കാലത്ത് സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്. തൃപ്പണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾച്ചറൽ ഹെറിറ്റേജ് സെന്റർ റീജിണൽ ഓഫീസർ രജികുമാർ നാലു തവണ ഈ കൊട്ടാരം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടയിൽ മാർക്കറ്റ് വിലയുടെ 150 ശതമാനം നൽകാമെന്ന നിർദ്ദേശമാണ് രാജവംശത്തിന് മുന്നിൽ വെച്ചത്. ഇതിന് പുറമെ കെട്ടിടത്തിന് വേറെ വില നൽകാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു. എന്നാൽ രാജകുടുംബാംഗങ്ങൾ ധാരണയിലെത്തിയില്ല.

80 സെന്റ് വിസ്തൃതി

എൺപത് സെറ്റോളം വിസ്തൃതിയാണ് കോവിലകത്തിനുള്ളത്. നീലേശ്വരം മേഖലയുടെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, നാടോടിവിജ്ഞാന സംബന്ധമായ ഒട്ടേറെ പ്രത്യേകതകളുള്ള ചരിത്രം വരുംതലമുറക്ക് കൂടി പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം അടക്കം ഒരുക്കി കോവിലകം സജ്ജമാക്കാൻ നഗരസഭ പുരാവസ്തുവകുപ്പിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. പരേതനായ സി കൃഷ്ണൻ നായർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവന്നത്.

നീലേശ്വരം കോവിലകം

നാല് താവഴികളാണ് നീലേശ്വരം രാജവംശത്തിനുള്ളത്. തെക്കേകോവിലകം, വടക്കേ കോ വിലകം, കിണാവൂർ കോവിലകം, കക്കാട്ട് കോവിലകം എന്നിവയാണിവ. ഇതിൽ വലിയമഠമെന്ന തെക്കെ കോവിലകത്തിനായിരുന്നു അധികാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്.