air-india

ഗൾഫ് യാത്രയ്ക്ക് 4 ഇരട്ടി

മട്ടന്നൂർ: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് പതിവുപോലെ കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. ഡിസംബർ-ജനുവരി മാസങ്ങളിൽ ഇരട്ടിയിലധികമാണ് യാത്രി നിരക്ക് വർദ്ധനവ്. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ടിക്കറ്റ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും എയർഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്തുന്ന കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ തുക നൽകണം.

എല്ലാ വർഷവും ഉത്സവസീസണിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താറുണ്ട്. അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചും യാത്രചെയ്യാനൊരുങ്ങുന്നവരുടെ നടുവൊടിക്കുന്നതാണ് യാത്രാനിരക്കിലെ കുതിച്ചുകയറ്റം. നാലംഗകുടുംബത്തിന് യാത്ര ചെയ്യാൻ ഒന്നര ലക്ഷത്തോളം രൂപ വിമാനടിക്കറ്റിന് നൽകേണ്ടി വരും. കഴിഞ്ഞ മേയ് മാസം ഗോഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കണ്ണൂരിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് സർവീസ് നടത്തുന്നത്. ദോഹയിലേക്ക് മാത്രമാണ് ഇൻഡിഗോ സർവീസുള്ളത്.

മത്സരമില്ല,​ നിരക്ക് കുറക്കേണ്ട

റൂട്ടുകളിൽ കമ്പനികൾ തമ്മിൽ മത്സരമില്ലാത്തതിനാൽ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുന്നില്ല. നിരക്ക് നിശ്ചയിക്കാനുള്ള വിമാനക്കമ്പനികളുടെ അധികാരത്തിൽ ഇടപെടാനാകില്ലെന്ന കേന്ദ്രസർക്കാർ നയമാണ് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകുന്നത്.നിലവിലുള്ള തുകയിൽ നിന്ന് നാലുമടങ്ങോളമാണ് വർദ്ധന. ഡിസംബർ അവസാന വാരവും ജനുവരി ആദ്യവാരങ്ങളിലും തുക ഉയർന്നു തന്നെ നിൽക്കുന്നുണ്ട്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ചെറിയ കുറവുണ്ട്. ഷാർജ-കൊച്ചി ഡിസംബർ 22ലെ ടിക്കറ്റിന് 40234 രൂപയാണ് നൽകേണ്ടത്.