chenkallara
കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിനടുത്തായി സ്വകാര്യ പറമ്പിൽ കണ്ടെത്തിയ ചെങ്കല്ലറകൾ പരിശോധിക്കുന്നു

കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ പെരിയ വില്ലേജിൽ കല്ല്യോട്ട് 1800ലധികം വർഷം പഴക്കമുള്ള മഹാശിലാ സ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തി. കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിനടുത്തായിട്ടാണ് സ്വകാര്യ പറമ്പിൽ ചെങ്കല്ലറകൾ കണ്ടെത്തിയത്.

'കല്ല്യോട്ടിന്റെ ചരിത്രവും സമൂഹവും' എന്ന പ്രൊജക്ടിന്റെ ഭാഗമായി പ്രദേശം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബി.എ. ഹിസ്റ്ററി വിദ്യാർത്ഥികളായ കെ. ശരണ്യ ശർമ്മ, എം. ഹർഷിത, കെ. ജിഷ്ണു, ശ്രുതി കൃഷ്ണ എന്നിവർ പ്രദേശവാസിയായ താന്നിക്കൽ കൃഷ്ണനോട് അഭിമുഖം നടത്തവെയാണ് സമീപത്ത് രണ്ട് ഗുഹകൾ ഉണ്ടെന്ന വിവരം അറിയുന്നത്. തുടർന്ന് വിദ്യാർത്ഥികൾ പൊജക്ട് സൂപ്പർവൈസറും കോളേജിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്തിനോടൊപ്പം സ്ഥലം സന്ദർശിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച് പരിശോധിച്ചാണ് പ്രദേശവാസികളുടെ അറിവിലുള്ള ഗുഹകൾ മഹാശിലാ സംസ്കാരത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചത്.

ചെങ്കല്ലറകളിൽ ഒന്ന് കൽപ്പണയിൽ നിന്നുള്ള മണ്ണ് വീണ് തകർന്ന നിലയിലാണുള്ളത്. ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ ഒരു ഭാഗത്ത് പടികളും രണ്ട് തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മറ്റു ചെങ്കല്ലറകളിൽ നിന്ന് വ്യത്യസ്തമായി കവാടത്തിൻ്റെ അരികുകൾ ഉള്ളിലോട്ട് കൂടുതലായി ചെത്തിയെടുത്ത നിലയിലാണുള്ളത്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചു വയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്.

സ്മാരകത്തിൻ്റെ ചരിത്ര പ്രാധാന്യം അറിയാത്തതുകൊണ്ട് തന്നെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെങ്കല്ലറയിൽ നിക്ഷേപിച്ചിട്ടുണ്ട്. ചരിത്ര സ്മാരകം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചരിത്ര ഗവേഷകരിൽ നിന്നും മനസ്സിലാക്കിയ പ്രദേശവാസികളായ താന്നിക്കൽ കൃഷ്ണൻ, വി. കമ്മാരൻ എന്നിവർ ഇവ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചു.

ചെങ്കല്ലറകൾ

വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി അടക്കം ചെയ്താണ് ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് കവാടവും തുറക്കപ്പെട്ട നിലയിലായിരിക്കും ചെങ്കല്ലറ. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കൽപ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നിങ്ങനെ പല പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നുണ്ട്. ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ, പൈവളിഗെ, കാര്യാട്, മലപ്പച്ചേരി, പുത്തിഗെ, കോടോത്ത്, ചുള്ളിക്കര തൂങ്ങൽ, മടിക്കൈ എന്നിവിടങ്ങളിൽ ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.