fort
കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട

കണ്ണൂർ: കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ എത്തുന്നവർക്ക് ഭക്ഷണത്തിനായി കോട്ടയ്ക്ക് പുറത്ത് ഫുഡ് കഫേ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലാകാത്തത് സഞ്ചാരികളെ കുഴക്കുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതൽ സഞ്ചാരികളെ കോട്ടയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഫുഡ് കഫേ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. ഇതിനായി ടിക്കറ്റ് കൗണ്ടറിന് സമീപത്തായി രണ്ട് കെട്ടിടങ്ങളും പണികഴിപ്പിച്ചിരുന്നു. ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും ഫുഡ് കഫേ തുടങ്ങിയിട്ടില്ല. നിലവിൽ കോട്ടയിൽ എത്തുന്നവർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് കണ്ണൂർ കോട്ട. പൈതൃക സ്മാരകമായതു കൊണ്ട് കോട്ടയ്ക്കകത്ത് ഭക്ഷണങ്ങളൊന്നും വിതരണം ചെയ്യാൻ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് തന്നെ കോട്ടയ്ക്കകത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കടകളെല്ലാം അധികൃതർ ഒഴിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ഇവിടെയെത്തുന്നവർക്ക് വെള്ളമോ ഭക്ഷണമോ വേണമെങ്കിൽ ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ പോകണം. കുടുംബസമേതം കോട്ട കാണാൻ എത്തുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത്. ദാഹം തോന്നിയാൽ കുടിവെള്ളത്തിനായി കോട്ടയ്ക്ക് പുറത്തിറങ്ങി ജില്ലാശുപത്രി വരെ പോകേണ്ട ഗതികേടാണ്.

കോട്ടയ്ക്കുള്ളിൽ പെട്ടിക്കടകൾ പ്രതീക്ഷിച്ച് പലരും ടിക്കറ്റെടുത്ത് അകത്തുകയറും. അപ്പോൾ മാത്രമായിരിക്കും കടകളില്ലെന്ന് അറിയുക. പലപ്പോഴും ടിക്കറ്റെടുത്ത് അകത്തുകയറി കോട്ടയുടെ ഭംഗി ആസ്വദിക്കാൻ കഴിയാതെ തിരിച്ചുമടങ്ങുന്നതും പതിവ് കാഴ്ചയാണ്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് കോട്ട സന്ദർശിക്കാനെത്തുന്നത്. എന്നാൽ ഇവിടെ എത്തുന്നവർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോൾ കോട്ടയിൽ ഇല്ലെന്നാണ് ആക്ഷേപം.

ഫീസുണ്ട്, അടിസ്ഥാന സൗകര്യങ്ങളില്ല

സ്വദേശികൾക്ക് 25 രൂപയാണ് ഫീസ്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വിദേശികൾക്ക് 300 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം കോട്ടയ്ക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഒരു ശുചിമുറി അടുത്തിടെ തുറന്നുകൊടുത്തുവെങ്കിലും ആവശ്യത്തിന് സൗകര്യങ്ങളൊന്നുമില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ പറയുന്നത്. സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കോട്ടയ്ക്ക് പുറത്ത് ആധുനിക രീതിയിൽ ശൗചാലയം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതും പ്രഖ്യാപനം മാത്രമായി.