quarry

കാസർകോട്: അയൽ സംസ്ഥാനങ്ങളിലെ കരിങ്കൽ വ്യവസായ ലോബികൾക്ക് വേണ്ടി മലബാറിലെ ക്വാറികളെയും ക്രഷറുകളെയും തകർക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരേ ഉടമകൾ രംഗത്ത്. ജനുവരി മുതൽ മലബാറിലെ ക്വാറികളും ക്രഷറുകളും അടച്ചിട്ട് സമരം ശക്തമാക്കാനാണ് തീരുമാനം. മുന്നോടിയായി 19ന് സൂചനാ സമരം നടത്തുമെന്ന് ഇ.സി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. നാരായണനും ജനറൽ സെക്രട്ടറി ഡാവിസ് സ്റ്റീഫനും പറഞ്ഞു.

ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ കേരളത്തിന് മാത്രമായി സ്വന്തം നിയമം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ നീക്കങ്ങളാണ് പ്രതിസന്ധിയിലാക്കുന്നത്. ജില്ലാ പരിസ്ഥിതി സമിതി അനുവദിച്ച പാരിസ്ഥിതിക അനുമതി നീട്ടി നൽകാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവും പുറപ്പെടുവിച്ചിട്ടും കേരളം പുറംതിരിഞ്ഞു നിൽക്കുകയാണ്.

1985 മുതൽ പ്രവർത്തനം നിർത്തിയ ക്വാറികൾക്ക് പോലും പിഴ ചുമത്താൻ ആണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ശ്രമിക്കുന്നത് എന്നാണ് ആരോപണം. കേന്ദ്രനയം അംഗീകരിക്കാൻ ഇ.സി കമ്മിറ്റിയും ജിയോളജി വകുപ്പും തയ്യാറാകാത്തത് അന്യസംസ്ഥാനങ്ങളിലെ ലോബികളുടെ സ്വാധീനത്താലാണെന്നും ഉടമകൾ ആരോപിക്കുന്നു. നിരവധി അപേക്ഷകൾ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്. കർണാടകത്തിലും തമിഴ്നാട്ടിലും അപേക്ഷിച്ചാൽ പിറ്റേന്ന് തന്നെ പ്രവർത്തന അനുമതി നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കരിങ്കൽ ഉത്പന്നങ്ങൾ കൊണ്ടുവരുന്നത് കേരളത്തിന് ഭീമമായ നഷ്ടം ഉണ്ടാക്കുന്നുണ്ട്.

നിർമ്മാണങ്ങൾ സ്തംഭിക്കും

കരിങ്കൽ ക്വാറി ഉടമകൾ നിലപാട് കടുപ്പിച്ചാൽ വടക്കൻ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, പാലം പണികളും ദേശീയപാത നിർമ്മാണവും സ്തംഭിക്കും. ഖനന മേഖലയെ ഇല്ലായ്മ ചെയ്യുന്ന ഖനന ചട്ട ഭേദഗതിയിലും പിഴ ചുമത്തലിലും പ്രതിഷേധിച്ചാണ് കരിങ്കൽ വ്യവസായികൾ സ്ഥാപനം അടച്ചിടുന്നത്. ഇല്ലാത്ത നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി കരിങ്കൽ വ്യവസായികളെ വരിഞ്ഞുമുറുക്കുന്ന സമീപനത്തിൽ മാറ്റം വേണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു.

ക്വാറി ഉടമകളുടെആവശ്യങ്ങൾ

2023 ഏപ്രിൽ 1 മുതൽ നടപ്പിലാക്കുന്ന ഖനന ചട്ട ഭേദഗതി എന്ന കരിനിയമം പിൻവലിക്കുക

ജില്ലാ പരിസ്ഥിതി കമ്മിറ്റി അനുവദിച്ച പാരിസ്ഥിതികാനുമതിയുടെ കാലാവധി മൈൻ ലൈഫ് വരെ നീട്ടി കേന്ദ്ര ഗവൺമെന്റ് ഇറക്കിയ നോട്ടിഫിക്കേഷന് എതിരായി ഭേദഗതികൾ ആവശ്യപ്പെട്ട എസ്.ഇ.എ.സി /എസ്.ഇ.ഐ.എ.എ കമ്മിറ്റികളുടെ നടപടി അന്വേഷണ വിധേയമാക്കുക

ത്രേസ്യാമ്മ കേസിൽ സുപ്രീംകോടതിയുടെ വിധിപ്രകാരം മലബാറിലെ ഭൂവുടമകൾക്ക് അവകാശപ്പെട്ട ധാതുക്കൾക്ക് അന്യായമായി ഈടാക്കിയ റോയൽറ്റിയും പിഴയും തിരിച്ചു നൽകുക

സർക്കാർ പ്രഖ്യാപിച്ച അദാലത്തിലെ അപാകതകൾ പരിഹരിക്കുക