madambam
മടമ്പം പുഴയിൽ നിന്നും കോരിയെടുത്ത ചരൽ കലർന്ന മണ്ണ് മടമ്പം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്നു

ശ്രീകണ്ഠപുരം: മടമ്പം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തത് മൂലം വിദ്യാർത്ഥികൾ ദുരിതമനുഭവിക്കുന്നു. മടമ്പം പുഴയിൽ നിറഞ്ഞ മണൽ നീക്കം ചെയ്ത് വെള്ളപ്പൊക്കം തടയുന്നതിന് വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം ശ്രീകണ്ഠപുരം നഗരസഭയാണ് പുഴയിൽ നിന്നും മണ്ണ് കലർന്ന മണൽ മടമ്പം ഹൈസ്‌കൂളിന്റെ കളിസ്ഥലത്ത് നിക്ഷേപിച്ചത്.

രണ്ടാഴ്ച കൊണ്ട് നീക്കം ചെയ്യുമെന്ന വ്യവസ്ഥയിലാണ് കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് മണൽ നിക്ഷേപിക്കാൻ സ്‌കൂളധികൃതർ അനുവദിച്ചത്. 2021 ൽ മഴക്കു മുന്നെ നടന്ന പ്രവൃത്തിയാണ്. സമയത്തിന് ലേലം നടക്കാത്തതുമൂലം തുമ്പേനി പുഴയോരത്ത് നിക്ഷേപിച്ച മണൽ വർഷകാലത്ത് പുഴയിലേക്ക് തന്നെ ഒലിച്ചു പോയിരുന്നു. സ്‌കൂൾ കളിസ്ഥലത്ത് നിക്ഷേപിച്ച മണൽക്കൂന വർഷം രണ്ട് കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് മൂലം കുട്ടികൾക്ക് കളിസ്ഥലം പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.

നഗരസഭ ഇക്കാര്യം പല തവണ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ചരൽ കലർന്ന മണ്ണായതിനാൽ ആരും വലിയ വില കൊടുത്ത് ഇത് ലേലത്തിൽ എടുക്കാൻ തയ്യാറാവാത്ത സ്ഥിതിയുണ്ട്. പുഴയിൽ നിന്നും ചെളിയും മണലും നീക്കം ചെയ്യാൻ നഗരസഭയുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചില വഴിച്ചുവെങ്കിലും നഗരസഭയ്ക്ക് തുക തിരികെ ലഭിക്കാത്ത സാഹചര്യമുണ്ട്.

നിർദ്ദേശം പാലിച്ച് വെട്ടിലായി

സർക്കാറിന്റെ നിർദ്ദേശം പാലിച്ച നഗരസഭയും സ്‌കൂളധികൃതരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. എങ്ങിനെയെങ്കിലും കളിസ്ഥലത്തെ മണൽക്കൂന നീക്കം ചെയ്യണമെന്നാണ് കുട്ടികളുടെ ആവശ്യം.

അപകടവും പതിവായി

ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടിന് സമീപം നിക്ഷേപിച്ച മണ്ണ് മഴയത്ത് ഗ്രൗണ്ടിലേക്ക് ഒലിച്ചിറങ്ങുന്നത് മൂലം അപകടവും പതിവാണ്. ചെലവഴിച്ച പണം തിരികെ ലഭിക്കാത്തത് മൂലം വീണ്ടും മണ്ണ് നീക്കം ചെയ്യാൻ തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് നഗരസഭ പറയുന്നു.