കാസർകോട്: വൃദ്ധ ദമ്പതികളെ കത്തിമുനയിൽ നിർത്തി വജ്രം പതിച്ച കമ്മൽ ഉൾപ്പെടെ എട്ട് പവൻ കവർന്ന മുഖം മൂടി സംഘം വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന് സൂചന. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദമ്പതികൾ ആളുകളെ തിരിച്ചറിയാതിരിക്കാനാണ് സംഘം പരസ്പരം സംസാരിക്കാതിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പരവനടുക്കം കൈന്താറിൽ പഴയ തറവാട് വീട്ടിൽ താമസിക്കുന്ന കോടോത്ത് വളപ്പിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (78), മേലത്ത് തങ്കമണി(70) എന്നിവരെ ഭീഷണിപ്പെടുത്തിയാണ് ആഭരണം കവർന്നത്. മുകളിലെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന ബന്ധു കാഞ്ഞങ്ങാട് സൗത്തിലെ ഗോപാലകൃഷ്ണനെയും (65) ഭീഷണിപ്പെടുത്തി നിർത്തി. വീടിന്റെ പിറക് ഭാഗത്തെ ഓടിളക്കി നേരത്തെ അകത്ത് കയറിപ്പറ്റിയ സംഘം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ടോയ്ലറ്റിൽ പോയ സമയം തങ്കമണിയുടെ കൈകൾ പിറകിൽ കെട്ടിയിട്ട് സ്വർണ്ണം എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ സമയവും ശബ്ദം പുറത്ത് വരാതിരിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രി പരവനടുക്കം സേവാഭാരതി സംഘടിപ്പിച്ച കബഡി മത്സരം ഉണ്ടായിരുന്നതിനാൽ പ്രദേശത്തെ ആളുകൾ കൂടുതലും അവിടെ ആയിരുന്നു. രാത്രി 11.30ന് ആണ് ഗൃഹനാഥൻ ടോയ്ലറ്റിൽ പോകാൻ കിടപ്പുമുറിയിൽ നിന്നിറങ്ങിയത്. സംഘത്തിലെ ഒരാൾ പൊക്കം കുറഞ്ഞയാളും രണ്ട് പേർ പൊക്കം കൂടിയവരും ആയിരുന്നു. സംഘത്തിൽ ഒരാളുടെ കൈയ്യുറ ലഭിച്ചത് അന്വേഷണത്തിൽ പ്രധാന തുമ്പാകും. ചില ഫോൺ നമ്പറുകളും സൈബർ സെൽ പരിശോധിക്കുണ്ട്.