ശ്രീകണ്ഠപുരം: സബ്ബ് ട്രഷറിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം ഇനിയും സ്വപ്നമായി അവശേഷിക്കുന്നു. ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് കോട്ടൂർ എസ്.ഇ.എസ് കോളേജ് ബസ് സ്റ്റോപ്പിന് സമീപത്ത് സ്വകാര്യ വ്യക്തി നൽകിയ സ്ഥലം കാട് മൂടിയ നിലയിലാണ്.
ട്രഷറി നിലവിൽ പ്രവർത്തിക്കുന്നത് ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ജീവനക്കാർക്ക് നിന്ന് തിരിയാനിടമില്ലാത്ത മുറികളാണിവിടെ. മുറിയിൽ വെളിച്ചവും കുറവ്. മാസത്തിന്റെ ആദ്യവാരം ട്രഷറിയിലെത്തുന്ന പെൻഷൻകാരും ജീവനക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വയോജനങ്ങൾക്ക് ഇരിക്കാനുള്ള പരിമിത സൗകര്യം മാത്രമേ ഉള്ളൂ. അതിനുള്ള സൗകര്യവും കെട്ടിടത്തിലില്ല.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയാൽ സർക്കാർ കെട്ടിടം നിർമ്മിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് നഗരസഭയും മറ്റും മുൻകൈ എടുത്ത് കോട്ടൂരിൽ സ്ഥലം കണ്ടെത്തി നൽകിയത്. 7വർഷങ്ങൾ കഴിഞ്ഞെങ്കിലും കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയിട്ടില്ല.
വിലങ്ങായി തടികൾ
2.66 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കി കാട് നീക്കം ചെയ്താലെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് കെട്ടിട നിർമ്മാണ ഏജൻസി. വനം വകുപ്പിൽ നിന്നും മരങ്ങളുടെ വല്വേഷൻ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. തുടർന്ന് മരം ടെണ്ടർ ചെയ്യണം. അതിന് ഇനിയും എത്ര നാൾ കഴിയണമെന്നറിയാതെ ഇഴഞ്ഞുനീങ്ങുന്ന നടപടികൾക്കിടയിൽ ദുരിതമനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്.