forest
മാക്കൂട്ടം

ഇരിട്ടി: കർണ്ണാടകയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏഴു കുടുംബങ്ങളുടെ 15 ഏക്കറോളം കൃഷിഭൂമി കൈവശപ്പെടുത്താനുള്ള കർണ്ണാടക വനംവകുപ്പിന്റെ നീക്കത്തിനെതിരെ ജനകീയ സമിതി.

അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡിലെ താമസക്കാരനായ വിശ്വനാഥന്റെ വീട് വാസയോഗ്യമാക്കുന്നതിന് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും കർണ്ണാടക വനംവകുപ്പ് നിർമ്മാണത്തിന് അനുവാദം നൽകാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്. വന്യമൃഗങ്ങൾ കർണാടകയുടെ അതിർത്തി കടന്ന് കേരളത്തിലെത്തി ജനങ്ങളെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾ സംഘടിച്ച് കാടുകൾ വെട്ടിത്തെളിക്കാൻ എത്തിയത്. മാക്കൂട്ടം ഫോറസ്റ്റ് ഓഫീസിൽ നിന്നും എത്തിയ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ജനകീയ സമിതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒന്നും പറയാതെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. ഭൂമി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വനാഥന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്ന വിഷയത്തെക്കുറിച്ച് ഡി.എഫ്.ഒയുമായി അടുത്ത ആഴ്ച ചർച്ച നടത്താൻ,​ ഡി.എഫ്.ഒയും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തീരുമാനമായിട്ടുണ്ട്.