കരിവെള്ളൂർ: കരിവെള്ളൂർ രക്തസാക്ഷികളുടെ 77 –ാം വാർഷിക ദിനം 20ന് ആചരിക്കും. 18ന് വൈകിട്ട് 4ന് പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ ബലികുടീരത്തിൽ നിന്നും അറക്കുളവൻ കുഞ്ഞമ്പു അത് ലറ്റുകൾക്ക് കൈമാറുന്ന പതാക റിലേയായി കരിവെള്ളൂർ രക്തസാക്ഷി നഗറിലെത്തിക്കും. തുടർന്ന് കെ നാരായണൻ പതാക ഉയർത്തും. മാദ്ധ്യമങ്ങളും ജനസമ്മതിയും എന്ന വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകൻ അഡ്വ. കെ.എസ് അരുൺകുമാർ പ്രഭാഷണം നടത്തും.
20ന് വൈകിട്ട് 3.30ന് കുണിയനിലെ നവീകരിച്ച കരിവെള്ളൂർ സമര സ്മാരകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കുണിയൻ സമര ഭൂമിയിൽ നിന്നും ചുവപ്പ് വളണ്ടിയർ മാർച്ചും 5ന് ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടക്കും. 5.30ന് രക്തസാക്ഷി നഗറിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് തിരുവനന്തപുരം അക്ഷരയുടെ ഇടം നാടകം അവതരിപ്പിക്കുമെന്നും സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. പി. സന്തോഷ്, സംഘാടകസമിതി ചെയർമാൻ കെ. നാരായണൻ, പി. രമേശൻ, കൂത്തൂർ നാരായണൻ, കെ.ഇ. മുകുന്ദൻ,എം. സതീശൻ, ഡോ. എം.വി. വിജയകുമാർ എന്നിവർ അറിയിച്ചു.