nss-camp

കാസർകോട്: എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സമാപന ആഘോഷവും സ്കൂൾ തുറക്കുന്ന ദിവസവും ഒന്നായതോടെ സംസ്ഥാനത്തെ 1457 എൽ.പി സ്കൂളുകൾ വെട്ടിലായി. 26ന് തുടങ്ങി ജനുവരി ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് എൻ.എസ്.എസ് ക്യാമ്പ് ചാർട്ട് ചെയ്തിരിക്കുന്നത്. ജനുവരി ഒന്നിനാണ് ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതും.

ക്യാമ്പിന്റെ സമാപന സമ്മേളനം ജനുവരി ഒന്നിന് വിശിഷ്ടാതിഥികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്താനായി നോട്ടീസ് വരെ തയ്യാറായിട്ടുണ്ട്.

ക്യാമ്പ് 31ന് ആറാം ദിവസം വൈകിട്ട് അവസാനിപ്പിക്കാനാകുമോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ക്യാമ്പ് ആറാം ദിവസം നിറുത്തിയാലും 1457 വിദ്യാലയങ്ങളും ക്യാമ്പ് മൂലം അലങ്കോലമായി കിടക്കുമെന്നതിനാൽ പഠനം അസാദ്ധ്യമാകും. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആ ദിവസത്തെ ക്ലാസും നഷ്ടപ്പെടും.

ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് അമ്പത് വീതം ഒന്നാംവർഷ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൽ ഏഴ് ദിവസം പൂർത്തീകരിച്ചാലേ ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും കിട്ടുകയുള്ളൂ.ജനുവരി രണ്ടിന് മന്നം ജയന്തി അവധിയുമാണ്.

മുൻ വർഷങ്ങളിൽ എൻ.എസ്.എസ് പരിശീലന ക്യാമ്പ് നടത്തിയിരുന്നത് ക്രിസ്മസ് അവധിക്ക് വിദ്യാലയങ്ങൾ അ

ടയ്ക്കുന്നതിന്റെ പിറ്റേന്നു മുതലായിരുന്നു. ചില ക്രിസ്തീയ സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്താണ് ക്യാമ്പ് ക്രിസ്മമസ് കഴിഞ്ഞതിന് ശേഷം മതിയെന്ന് തീരുമാനിച്ചതെന്ന് പറയുന്നു.

ക്യാമ്പ് നടത്തിപ്പിൽ തീയതി സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സപ്തദിന ക്യാമ്പ് ഏത് ദിവസം അവസാനിപ്പിക്കണം എന്നതിൽ കൂടിയാലോചനകൾ നടക്കുകയാണ്.

-മനോജ് കണിച്ചുകുളങ്ങര (എൻ. എസ്. എസ് മലബാർ മേഖലാ കൺവീനർ)