city-road

കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എം, ജനപ്രതിനിധികൾ, ഹൈക്കോടതി പ്ലീഡർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക യോഗം ചേർന്നാണ് പദ്ധതി പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.ഡി.എം ഉൾപ്പടെയുള്ളവർ അഡ്വക്കറ്റ് ജനറലുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. പദ്ധതിക്കെതിരെ നിലനിൽക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കിയാൽ മാത്രമെ പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന എ.ജിയുടെ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡർ അഡ്വ.കെ.വി. മനോജും യോഗത്തിൽ പങ്കെടുത്തിരുന്നു.വികസനവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട റോഡുകളിൽ ഒരാഴ്ച്ചക്കകം എതിർ സത്യവാങ്മൂലം നൽകാനും കാര്യ വിവരപട്ടിക ഹൈക്കോടതിയിൽ സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കേസിൽപ്പെടാത്ത സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ ദ്രുതഗതിയിൽ ആരംഭിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ പ്രത്യേകടീമിനെ രൂപികരിച്ചു.

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി

കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. രണ്ട് മേൽപാലങ്ങളും നിർമ്മിക്കും. ഇതിനായി 738 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതിയിൽ വാഹന ഗതാഗതത്തിന് പുറമെ കാൽനട യാത്രക്കാർക്കും പ്രത്യേക പരിഗണന ലഭിക്കും. ട്രാഫിക് സിഗ്‌നൽ ,​ഡ്രെയിനേജ്, ട്രാഫിക് ജംഗ്ഷൻ പ്രത്യേക ഡിസൈൻ, യൂട്ടിലിറ്റി സർവീസ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തും.

വളപട്ടണം, പുതിയതെരു ഭാഗങ്ങളിൽ രാത്രി വൈകിയും ഗതഗതാക്കുരുക്ക് മൂലം യാത്രക്കാർ വലിയ രീതിയിൽ പ്രയാസം അനുഭവിക്കുന്നുണ്ട്. പദ്ധതി അനന്തമായി നീളുന്നതിൽ ജനങ്ങളിൽനിന്നും വലിയരീതിയിൽ ആക്ഷേപമാണ് ഉണ്ടാകുന്നത്.

കെ.വി സുമേഷ് എം.എൽ.എ

ഗതാഗതക്കുരുക്കിൽ പെട്ട് വിദ്യാർഥികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പദ്ധതി യാഥാർഥ്യമാക്കാനായി വേഗത്തിൽ നടപടി കൈക്കൊള്ളണം.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ .

റോഡുകൾ ഇവ

എൻഎച്ച് 66-മന്ന ജംഗ്ഷൻ -ചാല ജംഗ്ഷൻ റോഡ്, ചാലാട് -കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട് -കൊറ്റാളി റോഡ്, മിനി ബൈപാസ് റോഡ്,കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷൻ -ജെടിഎസ് ജംഗ്ഷൻ റോഡ്, തയ്യിൽ - തെഴുക്കിലെ പീടിക റോഡ്, കുഞ്ഞിപ്പള്ളി -പുല്ലൂപ്പി റോഡ്, ഇന്നർ റിംഗ് റോഡ്, പട്ടാളം റോഡ് -താലൂക്ക് ഓഫീസ് റോഡ് -സിവിൽ സ്റ്റേഷൻ റോഡ്, ജയിൽ റോഡ്, മേലേ ചൊവ്വ ഫ്ളൈ ഓവർ, സൗത്ത് ബസാർ ഫ്ളൈ ഓവർ എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്.