
കാസർകോട് : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനും കൃഷിക്കാർക്കും കാർഷിക ഉത്പന്നങ്ങൾക്കും പ്രാധാന്യം നൽകിയും രണ്ടാമത് ഫാം കാർണിൽ ഒരുക്കാൻ കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം. ജനുവരി നാല് മുതൽ 14 വരെയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം നടത്തിയതിൽ നിന്ന് വ്യത്യസ്തമായി പരമാവധി ചിലവ് കുറച്ചും രാത്രികാല വിനോദ പരിപാടികൾ ഒഴിവാക്കിയും ആസൂത്രിത പദ്ധതികളുമായാണ് ഇത്തവണത്തെ ഫാം കാർണിവൽ വരുന്നത്.
സർക്കാരിൽ നിന്നോ സർവകലാശാലയിൽ നിന്നോ കാർണിവലിന് പ്രത്യേകം ഫണ്ട് അനുവദിക്കാത്തതിനാൽ ചെറിയ വെട്ടിച്ചുരുക്കലുകൾക്ക് നിർബന്ധിതരായിരുന്നു പിലിക്കോട് അസോസിയേറ്റ് ഡയറക്ടർ ഡോ.ടി.വനജ പറഞ്ഞു. ഗവേഷണ കേന്ദ്രത്തിന്റെ പഠന ഫലങ്ങൾ പൊതുജനങ്ങൾക്ക് അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ ഗവേഷണ സാദ്ധ്യതകൾ വരുംതലമുറയ്ക്ക് മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് കാർഷികവിജ്ഞാന വിനോദവിപണന മേള സംഘടിപ്പിക്കുന്നത്. കാർഷിക വൃത്തിയിലെ നൂതന സാങ്കേതിക വിദ്യകളും ശാസ്ത്രീയ കൃഷി മാതൃകകളുടെ ഒരു ലൈവ് പ്രദർശനവും ഒരുക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ, പ്രകൃതി സുരക്ഷ എന്നിവ പഠിപ്പിക്കുന്ന ഭക്ഷ്യ വിളകളുടെ മാതൃകാ തോട്ടങ്ങളും വിവിധ വിളകളുടെ ബയോ പാർക്കുകളും കൃഷിയിട പ്രദർശനങ്ങളും കൃഷിയിട പരിശീലനങ്ങളും ഫാം കാർണിവലിൽ ഉണ്ടാകും.
ജനിതക വൈവിദ്ധ്യം തൊട്ട് ഹെൽത്ത് കോർണർ വരെ
നാളികേരം, നെല്ല്, മാവ് എന്നിവയുടെ ജനിതക വൈവിധ്യത, പച്ചക്കറികൾ, പഴങ്ങൾ, ചെറുധാന്യങ്ങൾ, ഔഷധ സസ്യങ്ങൾ, വിവിധ ഇലക്കറികൾ, കിഴങ്ങുവിള വൈവിധ്യം, വളർത്തുമൃഗങ്ങൾ, വിവിധ വിളകളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും, വിപണനവും, കൃഷി - അനുബന്ധ മേഖലകളുടെ പ്രദർശനവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഫാം കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക ഡോക്യുമെന്ററി പ്രദർശനം, ആഗ്രോ ക്ലിനിക്ക് എന്നിവയുമുണ്ടാകും. ഹെൽത്ത് കോർണറും പ്രത്യേകം സജ്ജമാക്കും. സങ്കരയിനം തെങ്ങിൻ തൈ ഉൾപ്പെടെ വിവിധ തരം നടീൽ വസ്തുക്കളും വിപണനത്തിന് ഒരുക്കിയിട്ടുണ്ട്.
കൃഷി അറിവുകളും കൃഷിരീതികളും കാർഷിക സംസ്കൃതിയും കൂട്ടിയിണക്കിയ ഈ കാർണിവൽ കർഷകർക്ക് ഒരു പുത്തൻ അനുഭവമാകും. കഴിഞ്ഞ തവണ എല്ലാം കാണുന്നതിന് കൂടുതൽ നടക്കാനുള്ള പ്രയാസം പലരും ചൂണ്ടികാണിച്ചതിനാൽ മൂന്നര കിലോമീറ്റർ എന്നത് ചുരുക്കി ഒന്നര കിലോമീറ്ററിനുള്ളിൽ എല്ലാം ഒരുക്കും.
-ഡോ. ടി. വനജ (അസോസിയേറ്റ് ഡയരക്ടർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം )