
പയ്യന്നൂർ: കാപ്പാട്ട് കഴകത്തിൽ 28 വർഷത്തിന് ശേഷം ഫെബ്രുവരി 25 ന് ആരംഭിക്കുന്ന പെരുങ്കളിയാട്ടം കന്നിക്കൊട്ടിലിന് മുഹൂർത്ത കുറ്റിയടിച്ചു. ഏഴ് കാരണവന്മാർക്കും അന്തിത്തിരിയനും നർത്തകന്മാർക്കും വാല്യക്കാർക്കുമൊപ്പം ജന്മാശാരി പി.വി. രാഘവനാചാരി കഴത്തിലെ പള്ളിയറകൾ വലം വച്ച് പഴയ ഭണ്ഡാരപ്പുരയുടെ കന്നിമൂലയിൽ സ്ഥാനീകന്മാരുടെ അനുമതിയോടെ ഉണക്കലരി, അവൽ - മലർ നിവേദിച്ച്, ധൂപം കാണിച്ച് ഗണപതിയെ പ്രീതിപ്പെടുത്തിയ ശേഷമാണ് ഭഗവതിയുടെ പള്ളിയറയുടെ അളവിൽ കന്നിക്കൊട്ടിൽ നിർമിക്കുന്നതിന് നിരുതി കോണിൽ മുഹൂർത്ത കുറ്റിയടിച്ചത്. പെരുങ്കളിയാട്ടം തുടങ്ങിയാൽ ഭഗവതി സാന്നിദ്ധ്യം ഈ കന്നിക്കൊട്ടിലിലാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പള്ളിയറയുടെ അതേ അളവിലാണ് കന്നിക്കൊട്ടിൽ നിർമിക്കുക. ഇതിനെ ബന്ധപ്പെടുത്തിക്കൊണ്ട് കലവറകളും അടുക്കളയും വല്ലവും നാലില പന്തലും ഭക്ഷണശാലയും മറ്റും നിർമ്മിക്കും.