ഇരിട്ടി: കഴിഞ്ഞ ബുധനാഴ്ച നടന്ന സ്‌കൂട്ടി അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുന്നാട് താവിലാക്കുറ്റി ലക്ഷം വീട്‌ കോളനിയിലെ പീടികപ്പറമ്പിൽ സംഗീത് ശശി (22 ) ക്ക് കണ്ണീരോടെ വിട നല്കി നാട്. ഇരിട്ടി മലബാർ കോളേജിൽ പ്ലസ്ടുവിന് പഠിക്കുന്ന സംഗീത് തന്റെ സഹപാഠിയായ ദീപു പ്രകാശിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി കല്ലുമുട്ടിയിലേക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.

ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിന് മുൻവശം കോൺക്രീറ്റ് മിക്സർ ലോറിയുമായി ഇവർ സഞ്ചരിച്ച സ്‌കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു. സഹപാഠി ദീപു പ്രകാശ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
അതീവ ഗുരുതരാവസ്ഥയിലായ സംഗീത് ശശി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച മരിച്ചു. നിർദ്ധന കുടുംബങ്ങളിൽ പെട്ടവരായിരുന്നു ഇരുവരും. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്തിരുന്ന ഇവർ ഇതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പ്ലസ് ടു വിജയിക്കണം എന്ന നിർദ്ദേശത്തെത്തുടർന്ന് പഠനം നടത്തി വരികയായിരുന്നു. മലബാർ കോളേജ് പ്രിൻസിപ്പൽ വി.പി. പ്രേമരാജൻ, പ്രഗതി കോളേജ് പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത തുടങ്ങിയവരും വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു.