logo-

കാസർകോട് : പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് വളപ്പിലെ പ്ലാവുമരം അനധികൃതമായി മുറിച്ച് കടത്തിയ സംഭവത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം കാഞ്ഞങ്ങാട് അസിസ്റ്റന്റ് എൻജിനീയർക്കെതിരെ നടപടിക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം കാസർകോട് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി. ധനേഷ് കുമാർ ശുപാർശ ചെയ്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ കത്തിലാണ് ഉചിതമായ നടപടി എടുക്കണമെന്ന് എ.സി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തിയ സോഷ്യൽ ഫോറസ്ട്രി കാഞ്ഞങ്ങാട് സെക്ഷൻ ഓഫീസർ കെ.ആർ. ബിനുവിന്റെയും ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എ.സി.എഫ് നടപടി റിപ്പോർട്ട് നൽകിയത്. റസ്റ്റ് ഹൗസ് വളപ്പിൽ കൂട്ടിയിട്ട അര എം.ടി വരുന്ന ശിഖരങ്ങൾ നീക്കം ചെയ്യുന്നതിന് വനം വകുപ്പ് നൽകിയ വാലുവേഷൻ റിപ്പോർട്ടിന്റെ മറവിൽ വില കൂടിയ പ്ലാവ് മരം മുറിച്ച് കടത്താൻ ഒത്താശ ചെയ്തു കൊടുത്തെന്ന് ബോധ്യപ്പെട്ടതായും എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 12 ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആണ് ജെ. സി.ബി ഉപയോഗിച്ച് പ്ലാവ് മരം കുറ്റിയടക്കം മാന്തി മുറിച്ചെടുത്ത് ലോറിയിൽ കടത്തിയതെന്ന് സോഷ്യൽ ഫോറസ്ട്രി കണ്ടെത്തിയിരുന്നു.

ഭാവിയിൽ മരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കാര്യക്ഷമത പാലിക്കണമെന്നും സർക്കാർ താല്പര്യം സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നു. അതിനിടെ മുറിച്ച് കടത്തി വിവാദമായപ്പോൾ റസ്റ്റ് ഹൗസ് വളപ്പിൽ കൊണ്ടിടുകയും ചെയ്ത മരത്തടികൾക്ക് മൂല്യനിർണ്ണയം നടത്തി തരണമെന്ന കെട്ടിട വിഭാഗം കാഞ്ഞങ്ങാട് എ.ഇയുടെ കത്തിൽ വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ തീരുമാനമെടുത്തിട്ടില്ല.