
ചെറുപുഴ: ഗ്രാമീണ റോഡുകളുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും ഗതാഗതം കൂടുതൽ സുഗമമാക്കന്നതിനും ലക്ഷ്യമിട്ട് റോഡരികുകളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് പദ്ധതിയുടെ തുടക്കം . ഒന്നാം വാർഡിലെ കാക്കയംചാൽ കൊല്ലാട റോഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡിന്റെ ഇരുവശവും ചെത്തിവൃത്തിയാക്കി ചകിരി കൊണ്ട് നിർമ്മിച്ച ഭൂവസ്ത്രം വിരിച്ച് മുളയാണി അടിച്ചു മണ്ണിട്ടു നിരത്തിയാണ് ഉറപ്പിക്കുന്നത്. ഇത് കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തെ ഭൂമിയിൽ ആഴ്ന്നിറങ്ങാൻ സഹായിക്കുന്നു. റോഡിന്റെ സംരക്ഷണവും ഇതിലൂടെ ഉറപ്പിക്കുന്നു. റോഡരികിൽകൂടി വെള്ളമൊഴുകി കുഴികളുണ്ടാകുന്നത് തടയുവാൻ ഇത് സഹായിക്കും.
മണ്ണൊലിപ്പ് തടഞ്ഞ് റോഡിനെ സംരഷിക്കുന്ന രീതി പഞ്ചായത്തിലെ മറ്റ് വാർഡുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്നെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ചെറിയ തോടുകളുടെയും അരികും കൃഷിയിടങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനും കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു.