കാസർകോട്: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിന്റെ രണ്ടാംപതിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ നാളെ തുടങ്ങുന്ന ബീച്ച്‌ഫെസ്റ്റ് 31ന് രാത്രി പുതുവർഷത്തെ വരവേറ്റാണ് സമാപിക്കുക.
നാളെ വൈകുന്നേരം 5.30ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുമ്പ് പിലാത്തറ ലാസ്യ കലാക്ഷേത്രത്തിലെ കലാകാരികളും വിദ്യാർത്ഥികളും ചേർന്നവതരിപ്പിക്കുന്ന സൂര്യപുത്രൻ എന്ന സംഗീത നൃത്ത ശില്പം അരങ്ങേറും. തുടർന്ന് തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വൈവിദ്ധ്യമായ കലാപരിപാടികൾ അരങ്ങേറും. സമാപന ദിവസമായ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടർന്ന് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയർ നൈറ്റും നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ചീഫ് കോ ഓഡിനേറ്റർ ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത്, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ, എം.എ ലത്തീഫ്, മധു മുതിയക്കാൽ എന്നിവർ പങ്കെടുത്തു.
ടിക്കറ്റുകൾ ഓൺലൈനിലും
കർണ്ണാടകയിൽ നിന്നുൾപ്പെടെ ഫെസ്റ്റിന് എത്തുന്നവർക്കായി ഓൺലൈൻ ടിക്കറ്റിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 2000 രൂപയുടെ എക്സിക്യൂട്ടീവ് ക്ലാസിനുള്ള 90 ടിക്കറ്റും 450 രൂപയുടെ 400 പ്രീമിയം ടിക്കറ്റുകളും ഇങ്ങനെ ലഭിക്കും. അകത്ത് പ്രവേശിക്കാൻ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജില്ലയൊട്ടുക്കും കുടുംബശ്രീ പ്രവർത്തകർ ടിക്കറ്റുകൾ വിൽപന നടത്തുണ്ട്. മഹോത്സവനഗരിയിൽ 30 പ്രവേശന വഴികളും 30 ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
പാർക്കിംഗിന് വിശാലസൗകര്യം
വാഹനങ്ങൾ പാർക്ക് ചെയ്യാൻ 30 ഏക്കർ സ്ഥലത്ത് സൗകര്യം ഒരുക്കും. പള്ളിക്കര സ്‌കൂൾ ഗ്രൗണ്ട്, പള്ളിക്കര മിനി സ്റ്റേഡിയം എന്നിവിടങ്ങളിൽ സൗജന്യമാണ്. റെയിൽവേയിൽ നിന്ന് വാടകയ്ക്കെടുത്ത സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പാർക്കിംഗിന് പണം നൽകണം.
വിപുലമായ യാത്രാ സൗകര്യം
പരിപാടികൾ കാണാനെത്തുന്നവർക്ക് വിപുലമായ യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ സ്‌പെഷ്യൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് സ്പെഷൽ ബസ് സർവ്വീസുകളുമുണ്ടാകും.
ശുചിത്വത്തിന് ഹരിത കർമ്മ സേന
ഫെസ്റ്റിലെ മാലിന്യങ്ങൾ അതാത് ദിവസം ശുചീകരിക്കുന്നതിന് ഹരിത കർമ്മ സേനയുടെ 46 വളണ്ടിയർമാർ പാർക്കിൽ സജീവമായി ഉണ്ടാകും.